ദില്ലി: ബോളിവുഡ് താരം ഷാരൂഖ് ഖാന് ദേശീയ അവാർഡ് ലഭിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങളുയർത്തി കോൺഗ്രസ്. ബീഹാർ തെരഞ്ഞെടുപ്പിൽ മുസ്ലിം വോട്ടർമാരെ സ്വാധീനിക്കാൻ വേണ്ടിയുള്ള നീക്കമാണ് അവാർഡ് നൽകിയതിന് പിന്നിലെന്നാണ് കോൺഗ്രസിൻ്റെ ആക്ഷേപം. മഹാരാഷ്ട്രയിലെ കോൺഗ്രസ് എംഎൽഎ സി ഭായ് ജഗ്‌താപ് ആണ് ആരോപണം ഉന്നയിച്ചത്. അവാർഡിൽ മോദി കൃത്രിമത്വം കാണിക്കുകയാണെന്നും ഇത്രയും കാലത്തിനിടയിൽ ഷാരൂഖാനെ ആദരിച്ചില്ലെന്നും കോൺഗ്രസ് പറയുന്നു. ബീഹാർ, മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പുകളാണ് ഇതിന് പിന്നിലുള്ള ലക്ഷ്യമെന്നും ജഗ്‌താപ് പറഞ്ഞു
കോൺഗ്രസിന് മറുപടിയുമായി ബിജെപി
അതേസമയം, കോൺഗ്രസിന് മറുപടിയുമായി ബിജെപി രംഗത്തെത്തി. കോൺഗ്രസ് സർക്കാർ ഷാരൂഖാന്റെ കഴിവുകളെ അവഗണിച്ചുവെന്നം ബിജെപി സർക്കാരാണ് കഴിവുകളെ തിരിച്ചറിഞ്ഞതെന്നും ബിജെപി പ്രതികരിച്ചു. ജവാന്‍ സിനിമയിലെ അഭിനയത്തിനാണ് ഷാരൂഖ് ഖാന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. അതിനിടെ, ബീഹാർ തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാന് ചുമതല നൽകിയിരിക്കുകയാണ് ബിജെപി. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, കേന്ദ്രമന്ത്രി സി ആർ പാട്ടീൽ എന്നിവർക്കാണ് സഹചുമതല.