ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് അഞ്ചോളം പേരെ. ജഗദീഷ്, സലീം കുമാർ, പ്രിയങ്ക, ജോയ് മാത്യു എന്നിവർക്ക് പുറമെ രവീന്ദ്രന്റെ പേര് കൂടി ചർച്ചകളിൽ സജീവമായതോടെ നിയമനം വൈകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഓസ്കാർ ജേതാവും ചലച്ചിത്ര പ്രവത്തകനുമായ റസൂൽ പൂക്കുട്ടി അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചതോടെ തലപ്പത്ത് ആരു വരുമെന്ന ചർച്ചകൾ സിനിമാ-രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാണ്. അതേസമയം, അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടെന്ന് ജഗദീഷ് വ്യക്തമാക്കിയിട്ടുണ്ട്.മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്ത് കൂടിയായ സലീം കുമാറിന് പുറമേ ഇടത് വിമർശകൻ എന്ന നിലയിലുള്ള പ്രശസ്തി ജോയ് മാത്യുവിനും കോൺഗ്രസ് അനുകൂല നിലപാട് പ്രിയങ്കക്കും ഗുണകരമായേക്കാം.
ഇവർ നാല് പേരുടെ പേരുകളായിരുന്നു ആദ്യ ദിവസങ്ങളിൽ പരിഗണിച്ചിരുന്നത്. അതിനിടെയാണ് രവീന്ദ്രന്റെ പേരും ചർച്ചകളിലേക്ക് ഉയർന്നത്. സമാന്തര സിനിമയുമായി ബന്ധപ്പെട്ടവരെ കൂടി അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് രവീന്ദ്രന്റെ പേരും പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. നിരവധി ചലച്ചിത്ര മേളകളിൽ സുപ്രധാന സ്ഥാനങ്ങൾ കൈകാര്യം ചെയ്തതിന്റെ പ്രവർത്തി പരിചയവും അക്കാദമിക് മേഖലയിലെ പ്രാഗൽഭ്യവുമാണ് രവീന്ദ്രന് തുണയാകുന്നത്.
പ്രിയദർശൻ അക്കാദമി ചെയർമാൻ ആയിരുന്ന കാലത്ത് ഭരണസമിതിയിൽ അംഗമായിരുന്ന രവീന്ദ്രൻ ഫിലിം ലിറ്ററസി കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു. അന്ന് ഫിലിം പ്രൊമോഷൻ കൗൺസിലിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. ഇത് ഗുണം ചെയ്യുമെന്നാണ് രവീന്ദ്രൻ അനുകൂലികളുടെ കണക്കു കൂട്ടൽ.
സിനിമയുടെ അക്കാദമിക മേഖലയുമായുള്ള ബന്ധവും കെ.എസ്.യു കാലം മുതലുള്ള അടിയുറച്ച കോൺഗ്രസുകാരൻ എന്ന ലേബലും അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് വഴി തുറക്കും എന്നാണ് സിനിമാ പ്രവർത്തകരുടെ വാദം.
അതിനിടെ സംവിധായകൻ ദീപു കരുണാകരൻ, ചലച്ചിത്ര അക്കാദമി മുൻ ആക്ടിംഗ് ചെയർമാൻ പ്രേം കുമാർ എന്നിവരുടെ പേരുകളും ചില കോണുകളിൽ നിന്ന് ഉയർന്ന് വരുന്നുണ്ട്. ഇതോടെ അക്കാദമി അധ്യക്ഷ സ്ഥാനം യു.ഡി.എഫിന് മറ്റൊരു പ്രതിസന്ധിക്ക് കൂടിയാണ് വഴിയൊരുക്കുന്നത്.








