Headlines

കേരളത്തെ അപമാനിക്കാനും വികസനം മുടക്കാനുമുള്ള സന്ദർഭങ്ങൾ കോൺഗ്രസ് പാഴാക്കാറില്ല; വിമർശിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ വികസനത്തെ തകർക്കാൻ കേന്ദ്രം നടത്തുന്ന നീക്കങ്ങളെ തുറന്നുകാട്ടുകയല്ല പ്രതിപക്ഷം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് അർഹമായ വിഹിതം ചോദിച്ചു വാങ്ങുന്നതിന് കേന്ദ്രത്തിന് മുന്നിൽ സംസാരിക്കാൻ പോലും പ്രതിപക്ഷം തയ്യാറല്ല. പ്രതിപക്ഷനേതാവും യുഡിഎഫ് എം പിമാറും കേരളത്തിലെ ജനങ്ങളോട് കടുത്ത വഞ്ചനയാണ് കാണിച്ചുകൊണ്ടിരിക്കുന്നത്. പാർലമെന്റിൽ കേരളത്തിന്റെ ആവശ്യങ്ങൾക്കായി ശബ്ദമുയർത്താൻ ഇവർ തയ്യാറാകുന്നില്ല. രാഷ്ട്രീയ ലാഭത്തിനായി നാടിന്റെ വികസനത്തെ ബലികൊടുക്കാനാണ് പ്രതിപക്ഷം തയ്യാറാക്കുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

സംസ്ഥാനത്തിന് അർഹമായത് നിഷേധിക്കുമ്പോൾ പ്രതിപക്ഷം മൗനം പാലിക്കുകയാണ് ചെയ്യുന്നത്. എന്നാൽ സംസ്ഥാന താത്പര്യം ഉയർത്തിപ്പിടിക്കാൻ എല്ലാവരും ശ്രമിക്കേണ്ടതാണ് പക്ഷെ കേരളത്തെ അപമാനിക്കാനും വികസനം മുടക്കുവാനും ലഭിക്കുന്ന സന്ദർഭങ്ങൾ കോൺഗ്രസ് പാഴാക്കുന്നില്ല എന്നത് ലജ്ജാവഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം ഇത്തരം നടപടികൾ സ്വീകരിക്കുമ്പോൾ യുഡിഎഫിന്റെ സമീപനം എന്താണ്? ലോക്സഭയിലുള്ള 18 എംപിമാർ എന്ത് സമീപനമാണ് കൈക്കൊള്ളുന്നത്. എങ്ങിനെ കേരളത്തിനുള്ള സഹായം കുറയ്ക്കാം എന്ന ലക്ഷ്യത്തോടെ ചോദ്യങ്ങൾ ഉയർത്തുന്നവർ നമ്മുടെ പ്രശ്നങ്ങൾ ഉയർത്താൻ തയ്യാറാകുന്നില്ല. പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തിന്റെ പൊതുതാത്പര്യത്തിനെതിരെ കേന്ദ്ര ഭരണകക്ഷിയോട് ചേർന്നുനിൽകാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കേന്ദ്രസർക്കാർ അടിയന്തരമായി സാമ്പത്തിക വിവേചനം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

അതേസമയം, കിഫ്ബി , പെൻഷൻ കമ്പനി വായ്പകളുടെ പേരിൽ പൊതു കട പരിധിയിൽ കുറവ് വരുത്തി. കേന്ദ്രത്തിൻ്റെ നെറ്റ് ബോറോവിങ്ങ് സീലിങ്ങ് 39000 കോടിയാക്കി വെട്ടി കുറച്ചു. കേന്ദ്ര സമീപനം മൂലം ഒരു ലക്ഷത്തിൽ പരം കോടി രൂപയുടെ വിഭവ നഷ്ടമാണ് സംഭവിച്ചത്. കൃത്യമായ സാമ്പത്തിക ഉപരോധമാണിത്. സുതാര്യമായി നടക്കുന്ന സംസ്ഥാന ലോട്ടറിയെ പോലും തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.