Headlines

‘മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി ചോദിക്കുമോ?, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ളത് ഫ്രോഡ് രാഷ്ട്രീയം; ഭക്ഷണക്രമ വിവാദത്തിൽ കോൺഗ്രസിനെതിരെ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ലോക്ഭവനിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം മതിയെന്ന ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ തീരുമാനത്തിനെതിരായ കോൺഗ്രസ് വിമർശനങ്ങൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. ഗവർണറുടെ ഭക്ഷണശീലങ്ങളെച്ചൊല്ലി വിവാദമുണ്ടാക്കുന്ന കോൺഗ്രസ് നടപടി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണെന്നും, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ളത് ‘ഫ്രോഡ് രാഷ്ട്രീയമാണെന്നും’ അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഒരു വീട്ടിൽ എന്ത് ഭക്ഷണം വിളമ്പണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവിടുത്തെ താമസക്കാർക്കാണ്. കേരളത്തിന്റെ ഗവർണർ താമസിക്കുന്ന രാജ്ഭവനിലെ അടുക്കളയിൽ അദ്ദേഹത്തിന്റെ സംസ്‌കാരത്തിനും താൽപ്പര്യങ്ങൾക്കും അനുസരിച്ചുള്ള ഭക്ഷണം തീരുമാനിക്കാനുള്ള അവകാശം ഗവർണർക്ക് മാത്രമാണെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ‘ഇനി അടുത്തത് എന്താ… ഒരു മലയാളി മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി കഴിക്കാൻ ചോദിക്കുമോ ഈ കോൺഗ്രസുകാർ?’ എന്നും അദ്ദേഹം പോസ്റ്റിൽ ചോദിക്കുന്നു.

സർക്കാർ വാഗ്ദാനങ്ങളും ജനങ്ങളുടെ യഥാർഥ പ്രശ്‌നങ്ങളും ചർച്ച ചെയ്യാൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാർ 150 ദിവസങ്ങൾ പിന്നിടുമ്പോൾ അഞ്ച് വാഗ്ദാനങ്ങൾ എവിടെയെന്നോ, ‘പുതുയുഗ കേരളം’ എന്ന വാഗ്ദാനത്തിന് എന്തു സംഭവിച്ചെന്നോ കോൺഗ്രസ് ചർച്ച ചെയ്യുന്നില്ല. യുവജനങ്ങളുടെ ദുരിതങ്ങളും മരുന്ന് ലഭ്യമല്ലാത്തതിനാൽ കഷ്ടപ്പെടുന്ന കുടുംബങ്ങളെക്കുറിച്ചും സംസാരിക്കാൻ താല്പര്യമില്ലാത്തവർ ഗവർണറുടെ ഭക്ഷണശീലങ്ങളെക്കുറിച്ച് വിവാദമുണ്ടാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.രാഷ്ട്രീയത്തിൽ ജനങ്ങളോട് മറുപടി പറയേണ്ട ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടി, അർഥശൂന്യമായ വിവാദങ്ങൾ സൃഷ്ടിക്കുന്ന ഒരു കൂട്ടമായി കോൺഗ്രസ് പാർട്ടിയെ രാഹുൽ ഗാന്ധി മാറ്റിയിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇനി അടുത്തത് എന്താ…ഒരു മലയാളി മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി കഴിക്കാൻ ചോദിക്കുമോ ഈ കോൺഗ്രസുകാർ?

ഒരു വീട്ടിൽ എന്ത് ഭക്ഷണം വിളമ്പണമെന്ന് തീരുമാനിക്കാനുള്ള അവകാശം ആ വീട്ടിലെ താമസക്കാർക്കാണ്. കേരളത്തിന്റെ ഗവർണർ താമസിക്കുന്ന രാജ്ഭവനിൽ (ലോക്ഭവനിൽ) ഗവർണ്ണരുടെ അടുക്കളയിൽ അദ്ദേഹത്തിന്റെ സംസ്കാരത്തിനും താൽപ്പര്യങ്ങൾക്കും അനുസരിച്ചുള്ള ഭക്ഷണം തീരുമാനിക്കാനുള്ള അവകാശം അദ്ദേഹത്തിന് മാത്രമാണ്.

കോൺഗ്രസ് പാർട്ടിക്ക് എന്താണ് സംഭവിക്കുന്നത്? അവർക്ക് വിവേകം നഷ്ടപ്പെട്ടോ? പൂർണമായും വിവരമില്ലാത്തവരെപ്പോലെയാണ് അവരുടെ പെരുമാറ്റം.

V D Satheesan സർക്കാരിന്റെ 150 ദിവസങ്ങൾ പിന്നിടുമ്പോൾ ജനങ്ങൾ ചോദിക്കുന്നത് ഒരേയൊരു ചോദ്യമാണ്: “എന്തു കിട്ടി?”

🟥 അഞ്ച് വാഗ്ദാനങ്ങൾ എവിടെ?

🟥 ‘പുതുയുഗ കേരളം’ എന്ന വാഗ്ദാനത്തിന് എന്തു സംഭവിച്ചു?

ആ വിഷയങ്ങളെക്കുറിച്ച് ഒരു വാക്ക് പോലും ചർച്ച ചെയ്യാൻ അവർ തയ്യാറല്ല.

🟥 കേരളത്തിലെ യുവജനങ്ങളുടെ ദുരിതങ്ങളെക്കുറിച്ച് അവർക്ക് ചർച്ച ചെയ്യേണ്ടതില്ല.

🟥 മരുന്ന് ലഭ്യമല്ലാത്തത് കാരണം കഷ്ടപ്പെടുന്ന കുടുംബങ്ങളെക്കുറിച്ചും അവർക്ക് ചർച്ച ചെയ്യേണ്ടതില്ല.

🟥 മരുന്ന് ലഭ്യമല്ലാത്തത് കാരണം കഷ്ടപ്പെടുന്ന കുടുംബങ്ങളെക്കുറിച്ചും അവർക്ക് ചർച്ച ചെയ്യേണ്ടതില്ല.

എന്നാൽ പുതിയ ഗവർണ്ണറുടെ ഭക്ഷണശീലങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ അവർക്ക് താൽപ്പര്യമുണ്ട്.. Rahul Gandhi യുടെ നേതൃത്വത്തിൽ കോൺഗ്രസ് പിന്തുടരുന്ന ഫ്രോഡ് രാഷ്ട്രീയത്തിന്റെ മറ്റൊരു ഉദാഹരണമാണിത്.

രാഷ്ട്രീയത്തിൽ ജനങ്ങളോട് മറുപടി പറയേണ്ട ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടി, അർഥശൂന്യമായ വിവാദങ്ങൾ സൃഷ്ടിക്കുന്ന ഒരു കൂട്ടമായി കോൺഗ്രസ് പാർട്ടിയെ മാറ്റിയിരിക്കുകയാണ് രാഹുൽ ഗാന്ധി.