നൈറ്റ് ഡ്യൂട്ടിക്കിടെ മദ്യപിച്ച് വയർലെസിലൂടെ നിർദേശം; പൊലീസുകാരനെ പൊക്കി എസ്പി

പോത്തൻകോട് ∙ നൈറ്റ് ഡ്യൂട്ടിക്കിടെ മദ്യപിച്ച് വയർലെസിലൂടെ നിർദേശം നൽകിയ പൊലീസ് ഉദ്യോഗസ്ഥനെ റൂറൽ എസ്പി ബി.പ്രശാന്തൻ കാണി ഇടപെട്ടു പിടികൂടി. പോത്തൻകോട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണു ഡ്യൂട്ടിക്കിടെ മദ്യപിച്ചതിനു പിടിയിലായത്. ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി ശുപാർശ ചെയ്ത് റൂറൽ എസ്പി ഡിഐജിക്കു റിപ്പോർട്ട് നൽകി.

15നു രാത്രി 11.30ന് ആയിരുന്നു സംഭവം. പോത്തൻകോട് സ്റ്റേഷനിലെ ഉദ്യോഗസ്ഥനു നെടുമങ്ങാട് സബ് ഡിവിഷനിലെ നൈറ്റ് ഡ്യൂട്ടിയുടെ ചുമതല ഉണ്ടായിരുന്നു. എസ്പി പട്രോളിങ് ഏകോപിപ്പിക്കുന്നതിനിടെയാണു പോത്തൻകോട് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ നാവു കുഴഞ്ഞു നിർദേശം നൽകുന്നതു കേട്ടത്. ഉടൻ റൂറൽ ജില്ലയിലെ നൈറ്റ് ഡ്യൂട്ടിയുടെ ചുമതലയുണ്ടായിരുന്ന വർക്കല ഡിവൈഎസ്പിയോടു നേരിട്ടെത്തി പരിശോധിക്കാൻ നിർദേശിച്ചു. വർക്കല ഡിവൈഎസ്പി സ്ഥലത്തെത്തി ഉദ്യോഗസ്ഥനെ പൊക്കി. കന്യാകുളങ്ങര ആശുപത്രിയിൽ എത്തിച്ചു പരിശോധനയ്ക്കു വിധേയനാക്കി. മദ്യപിച്ചതായി സ്ഥിരീകരിച്ചു. അച്ചടക്കനടപടി ഉറപ്പായതോടെ 10 ദിവസത്തെ അവധിക്ക് ഉദ്യോഗസ്ഥൻ അപേക്ഷിച്ചെങ്കിലും അനുവദിച്ചിട്ടില്ല.