പെട്രോൾ, ഡീസൽ വില അനുദിനം കൂടുന്നതിനിടെ പാക്കിസ്ഥാനിൽ പരിഭ്രാന്തി. നവംബർ വരെയുള്ള ഉപഭോഗത്തിനായി ആവശ്യത്തിന് പെട്രോൾ രാജ്യത്തുണ്ടെന്ന് ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് പാർലമെന്റിൽ പറഞ്ഞതാണ് പരിഭ്രാന്തിക്കിടയാക്കിയത്. അപ്പോൾ ഡിസംബറിൽ പെട്രോൾ കിട്ടില്ലേയെന്ന് സെനറ്റർ ഷെറി റഹ്മാൻ ചോദിച്ചു.
അതോ റേഷൻ ആക്കാനാണോ പ്ലാൻ എന്നും ഷെറി റഹ്മാൻ ചോദിച്ചു. പെട്രോൾ, ഡീസൽ, എൽപിജി വിതരണത്തിൽ തടസ്സമുണ്ടായാൽ അതു ഗുരുതര പ്രശ്നമാകുമെന്നും 70% എൽപിജിക്കും പാക്കിസ്ഥാൻ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നതെന്ന് ഓർക്കണമെന്നും ഷെറി റഹ്മാൻ പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പാക്കിസ്ഥാനിലെമ്പാടും പെട്രോൾ പമ്പുകളിൽ ഇന്ധനം നിറയ്ക്കാൻ വാഹനങ്ങളുടെ വലിയ തിരക്കാണ് കാണുന്നത്. പരിഭ്രാന്തി വേണ്ടെന്ന് സർക്കാരും പമ്പുടമകളും പറഞ്ഞെങ്കിലും ജനങ്ങൾ ഇന്ധനത്തിനായി നെട്ടോട്ടത്തിലാണ്.
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഗൾഫ് എണ്ണയുടെ ഇറക്കുമതി കുറഞ്ഞതും ഇറാനിൽ നിന്ന് എണ്ണ കിട്ടാത്തതുമാണ് പാക്കിസ്ഥാനെ വലയ്ക്കുന്നത്. ഹോർമുസ് പ്രതിസന്ധിയെ തുടർന്ന് ഇറക്കുമതി കൂപ്പുകുത്തി. ഇറാനിൽ ഉൽപാദനം കുറഞ്ഞതും ആഘാതമായി. നവംബറിൽ പെട്രോൾ ഡിമാൻഡ് 6.30 ലക്ഷം ടണ്ണായിരിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.
30% മാത്രമേ ആഭ്യന്തര ഉൽപാദനമുള്ളൂ. ബാക്കി ഇറക്കുമതി ചെയ്യണം. ഇതാണ് പ്രതിസന്ധി. ഇതിനിടെ രാജ്യാന്തര ക്രൂഡോയിൽ വിലയ്ക്ക് അനുസൃതമായി പാക്കിസ്ഥാൻ സർക്കാർ ദിനംപ്രതി പെട്രോൾ, ഡീസൽ വില കൂട്ടുകയാണ്. ജൂണിൽ 299 രൂപയായിരുന്ന പെട്രോൾ വില ഇപ്പോൾ 377 രൂപയായി. 311 രൂപയായിരുന്ന ഡീസൽ വില 393 രൂപയിലുമെത്തി.
സൗദി അറേബ്യയ്ക്കുനേരെ ഹൂതികൾ നടത്തുന്ന നിരന്തര ആക്രമണമാണ് പാക്കിസ്ഥാനിലെ ഇപ്പോഴത്തെ ഇന്ധന പ്രതിസന്ധിക്ക് കാരണമെന്നാണ് ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് പറയുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇത്രയുംകാലം പാക്കിസ്ഥാൻ കാര്യമായ ഇന്ധന പ്രതിസന്ധിയോ വിലക്കയറ്റമോ ഇല്ലാതെ പിടിച്ചുനിന്നെന്നും എന്നാൽ ഇപ്പോൾ സാഹചര്യം വഷളായെന്നും മന്ത്രി പറഞ്ഞു.
ഇറാനിയൻ പെട്രോളുമായി ബൈക്കിൽ പോകുന്നവർ. 2026 മാർച്ച് 14ന് പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ നിന്ന് പകർത്തിയ ചിത്രം. ദിവസേന ലക്ഷക്കണക്കിന് പേരാണ് ഇത്തരത്തിൽ ഇറാനിയൻ പെട്രോളിന്റെ കള്ളക്കടത്ത് പാക്കിസ്ഥാനിൽ നടത്തുന്നത്.









