Headlines

ഇന്ധന വില വീണ്ടും കൂട്ടി: വില വർധന രണ്ടാഴ്ചയ്ക്കിടെ നാലാം തവണ

 

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 2 രൂപ 61പൈസയും ഡീസലിന് 2 രൂപ 71 പൈസയുമാണ് കൂട്ടിയത്. രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് വില വർധന. ഡൽഹിയിൽ ഡീസലിന് 95.20 രൂപയും പെട്രോളിന് 102.12.രൂപയുമായി. എട്ട് രൂപ വരെ ക്രമേണയുള്ള വർധനവ് തുടരുമെന്നാണ് സൂചനകൾ. കൃത്യമായ ഇടവേളകളിൽ നേരിയ തോതിൽ നിരക്ക് വർധിപ്പിക്കാനാണ് എണ്ണ കമ്പനികൾ ലക്ഷ്യമിടുന്നത്.

 

 

തിരുവനന്തപുരത്ത് പെട്രോൾ വില 115.50 രൂപയും ഡീസൽ വില 104.41 രൂപയുമായി. കൊച്ചിയിൽ പെട്രോൾ വില 113.5 രൂപയിലെത്തി. ഡീസൽ വില 102.44 രൂപയായി. കോഴിക്കോട് പെട്രോൾ വില 113.79 രൂപയും ഡീസൽ വില 102.71 രൂപയുമായി. ഇറാനിലെ സംഘർഷം ആഗോള എണ്ണ വിതരണ ശൃംഖലയെ ബാധിച്ചതാണ് നിലവിലെ വില വർധനവിന് പ്രധാന കാരണം. ഇന്ധനവില വർധിക്കുന്നത് ഗതാഗതച്ചെലവ് കൂട്ടുന്നതിനും അതുവഴി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

 

അതേസമയം അമേരിക്ക-ഇറാൻ സമാധാന കരാറിലേക്ക് അടുക്കുന്നുവെന്ന വാർത്തകൾക്കിടെ തിങ്കളാഴ്ച എണ്ണവില രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ 4.71 ഡോളർ കുറഞ്ഞ് ബാരലിന് 98.83 ഡോളറിലെത്തി. ഒറ്റയടിക്ക് 4.55 ശതമാനമാണ് വില കുറഞ്ഞത്. മേയ് 7ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ക്രൂഡ് ഓയിൽ വില.