Headlines

‘ബിഹാറിൽ എൻഡിഎ വീണ്ടും അധികാരത്തിൽ വരും, അഴിമതിക്കാരെ ജനം പുറത്തുനിർത്തും’: ബിഹാർ റാലിയിൽ പ്രധാനമന്ത്രി

പാറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ എന്‍ഡിഎയുടെ മുഖമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിതീഷിന്‍റെ നേതൃത്വത്തില്‍ എന്‍ഡിഎ റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്നും സദ് ഭരണം തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമെതിരെ സമസ്തിപൂറില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി രൂക്ഷ വിമര്‍ശനമുന്നയിച്ചു. അഴിമതി കേസുകളില്‍ പെട്ട് നേതാക്കള്‍ ജാമ്യത്തില്‍ നടക്കുകയാണെന്നും അഴിമതിക്കാരെ ബിഹാര്‍ പുറത്ത് നിര്‍ത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആര്‍ജെഡിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ റാന്തലിനെ പരിഹസിച്ച മോദി ഇരുട്ടില്‍ റാന്തലിനേക്കാള്‍ വെട്ടം മൊബൈല്‍ ഫോണ്‍ ലൈറ്റുകള്‍ക്കുണ്ടെന്ന് പറഞ്ഞു.റാലിയിലെത്തിവരെ കൊണ്ട് മൊബൈല്‍ തെളിപ്പിച്ചായിരുന്നു പരിഹാസം

ബിഹാറിലെ സമസ്തിപൂരിൽ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഈ നിയമസഭ തെരഞ്ഞെടുപ്പിലെ മോദിയുടെ ആദ്യ റാലിയാണിത്. സമസ്തിപൂരില്‍ രാവിലെ പത്തരക്ക് എത്തിയ മോദി ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിന്‍റെ സ്മരണ നിലനില്‍ക്കുന്ന ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തി. അതേ സമയം ചൊവ്വാഴ്ച പ്രകടന പത്രിക പുറത്തിറക്കി പ്രചാരണത്തില്‍ സജീവമാകാനാണ് മഹാസഖ്യത്തിന്‍റെ തീരുമാനം. രാഹുല്‍ ഗാന്ധിയുടെയും തേജസ്വി യാദവിന്‍റെയും സംയുക്ത റാലിയും ആസൂത്രണം ചെയ്തിട്ടുണ്ട്