Headlines

ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിന്റെ സീറ്റ് വിഭജനത്തില്‍ ധാരണ; നിതീഷ് കുമാറിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കി മഹാസഖ്യം

ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ നിതീഷ് കുമാറിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കി മഹാസഖ്യം. നിതീഷ് കുമാറിന്റെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടും സര്‍ക്കാര്‍ നടത്തിക്കൊണ്ടു പോകാനുള്ള കഴിവിനെ കുറിച്ചും സംശയമുണ്ടെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് കഴിഞ്ഞ ദിവസം എക്‌സില്‍ കുറിച്ചു.

പ്രധാനമന്ത്രി മോദി പങ്കെടുത്ത ഒരു ഓണ്‍ലൈന്‍ പരിപാടിയില്‍ നിതീഷ് കുമാര്‍ അസാധാരണമായ രീതിയില്‍ പെരുമാറുന്നതിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു തേജസ്വിയുടെ പ്രതികരണം. നിതീഷ് കുമാര്‍ കൈകള്‍ കൂപ്പി ഏറെ നേരം ഇരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇടയ്ക്കിടെ കൈ കൂപ്പിക്കൊണ്ടു തന്നെ ചെറുതായി വിറയ്ക്കുന്നത് പോലെയും ചുറ്റും നോക്കി ആരോടെന്നില്ലാതെ പുഞ്ചിരിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്.

കുറച്ചുനാളായി തന്റെ മാനസികാവസ്ഥ ശരിയല്ലെന്ന് തെളിയിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രി പെരുമാറുന്നതെന്ന് തേജസ്വി മാധ്യമങ്ങളോടും പ്രതികരിച്ചു.

ദേശീയഗാനം പശ്ചാത്തലത്തില്‍ കേള്‍ക്കുമ്പോള്‍ കളിചിരിയോടെ പെരുമാറിയതടക്കമുള്ള കാര്യങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ഈ അസ്ഥിരമായ പെരുമാറ്റത്തിന്റെ മറ്റൊരു ഉദാഹരണം കൂടി നമ്മള്‍ കണ്ടു. സര്‍ക്കാര്‍ നടത്തിക്കൊണ്ടുപോകാനുള്ള ശേഷി അദ്ദേഹത്തിനില്ലെന്ന് വ്യക്തം – അദ്ദേഹം പറഞ്ഞു. എന്നാല്‍ നിതീഷ് കുമാര്‍ തന്നെ നയിക്കുമെന്ന നിലപാടാണ് എന്‍ഡിഎ സഖ്യത്തിന്റെ നിലപാട്.

അതേസമയം, എന്‍ഡിഎ സഖ്യത്തിന്റെ സീറ്റ് വിഭജനത്തില്‍ ധാരണയായിട്ടുണ്ട്. കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളില്‍ ആണ് ബിഹാറിലെ എന്‍ഡിഎ സഖ്യത്തിന്റെ സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയില്‍ എത്തിയത്. ബിജെപിയും ജെഡിയുവും ഏതാണ്ട് തുല്യ സീറ്റുകളില്‍ തന്നെ മത്സരിക്കാനാണ് ധാരണ. ബിജെപിയും ജെഡിയുവും ചേര്‍ന്ന് 205 സീറ്റുകളില്‍ മത്സരിക്കും. 38 സീറ്റുകളാണ് സഖ്യകക്ഷികള്‍ക്ക് വേണ്ടി മാറ്റി വച്ചിരിക്കുന്നത്. ഇതില്‍ സീറ്റുകളില്‍ ജിതന്‍ റാം മാഞ്ചിയുടെ HAM മത്സരിക്കും.

കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ കാര്യത്തില്‍ തര്‍ക്കം തുടരുന്നതായാണ് സൂചന. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി നാളെ യോഗം ചേരും. മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം രണ്ടു ദിവസത്തിനകം പൂര്‍ത്തിയാകുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. മഹാസഖ്യം തെരഞ്ഞെടുപ്പിനെ നേരിടാന്‍ പൂര്‍ണ്ണ സജ്ജമെന്നും രണ്ട് ദിവസത്തിനകം സീറ്റ് വിഭജനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു പക്ഷത്തോട് ഒപ്പം നില്‍ക്കുന്നു. സുപ്രിംകോടതി നിര്‍ദ്ദേശങ്ങള്‍ പോലും അവഗണിക്കാനുള്ള ധിക്കാരം കാണിക്കാന്‍ കമ്മീഷനെ ങ്ങനെ ധൈര്യം വന്നു. ബിഹാറിലെ ജനങ്ങള്‍ ജനാധിപത്യപരമായ പ്രതിഷേധം തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തും. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പതനത്തിന്റ തുടക്കമാകും ബിഹാറില്‍ – എംഎ ബേബി പറഞ്ഞു.

അതേസമയം, എസ്‌ഐആര്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേ വോട്ടര്‍ പട്ടികയില്‍ അവ്യക്തത ഉണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. നേരത്തെ നീക്കം ചെയ്തവരില്‍ നിന്നാണോ അന്തിമ പട്ടികയില്‍ പുതിയതായി ഉള്‍പ്പെടുത്തിയവരെന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു. അന്തിമ പട്ടികയില്‍ ഒഴിവാക്കപ്പെട്ട 3.66 ലക്ഷം വോട്ടര്‍മാരുടെയും ഉള്‍പ്പെട്ട 21 ലക്ഷം വോട്ടര്‍മാരുടെയും പേരുകള്‍ പ്രസിദ്ധീകരിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഹര്‍ജികളില്‍ സുപ്രിംകോടതി വ്യാഴാഴ്ച വീണ്ടും വാദം കേള്‍ക്കും.