വിപഞ്ചികയുടെ ദുരൂഹമരണം; നിതീഷിനെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി, അച്ഛനും സഹോദരിയും പ്രതികൾ, ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും

കൊല്ലം: കേരളപുരം സ്വദേശി വിപഞ്ചികയും കുഞ്ഞും ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതി നിതീഷിനെ നാട്ടിൽ എത്തിക്കാൻ പൊലീസ് നടപടി തുടങ്ങി. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്. സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് വിപഞ്ചികയുടെ ഭർത്താവ് നിതീഷിനെതിരെ കുണ്ടറ പൊലീസ് കേസെടുത്തത്. നിതീഷിൻ്റെ അച്ഛനും സഹോദരിയും കേസിൽ പ്രതികളാണ്. നിതീഷും വീട്ടുകാരും ചേർന്ന് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതി.

ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്. വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ കേരളപുരത്ത് സംസ്കരിച്ചു. ശരീരത്തിൽ ഉണ്ടായിരുന്ന പാടുകള്‍ മൃതദേഹം എംബാം ചെയ്തപ്പോൾ സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഒന്നേകാൽ വയസുള്ള വൈഭവിയുടെ സംസ്കാരം നേരത്തെ ഷാർജയിൽ നടന്നിരുന്നു. നിതീഷിനും കുടുംബത്തിനും എതിരെ നിയമ പോരാട്ടം തുടരാനാണ് വിപഞ്ചികയുടെ കുടുംബത്തിൻ്റെ തീരുമാനം.