Headlines

യുഎഇ നിയമത്തില്‍ വിശ്വാസം; ഇനി റീ പോസ്റ്റ്‌മോര്‍ട്ടം വേണ്ട: വിപഞ്ചികയുടെ കുടുംബം

റീ -പോസ്‌റ്‌മോര്‍ട്ടം വേണ്ടെന്ന് ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ കുടുംബം. സംസ്‌കാരം നീണ്ടുപോകുമെന്ന കാരണം കൊണ്ടാണ് കുഞ്ഞിന്റെ മൃതദേഹം യുഎഇയില്‍ സംസ്‌കരിക്കാന്‍ സമ്മതിച്ചതെന്നും കുടുംബം വ്യക്തമാക്കി. വിപഞ്ചികയുടെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസമെന്നും യുഎഇയിലെ നിയമത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും കുടുംബം പറഞ്ഞു.

വിപഞ്ചികയുടെ മൃതദേഹം നാട്ടിലും കുഞ്ഞിന്റെ മൃതദേഹം യു.എ.ഇയിലും സംസ്‌കരിക്കാനാണ് തീരുമാനം. ഇതൊരു മത്സരമല്ലെന്നും കുഞ്ഞിന്റെ മൃതദേഹം വച്ച് കളിക്കാന്‍ തയ്യാറല്ലെന്നും കുടുംബം ട്വന്റിഫോറിനോട് പറഞ്ഞു. വിപഞ്ചികയുടെ മരണം ആത്മഹത്യ തന്നെ എന്നാണ് റിപ്പോര്‍ട്ട്. യുഎഇയിലെ നിയമത്തില്‍ തങ്ങള്‍ക്ക് പൂര്‍ണവിശ്വാസമുണ്ട്. ഇനി റീ പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടതില്ല. മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം. നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാവുമെന്നാണ് കരുതുന്നത്. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദിയെന്ന് കുടുംബം അറിയിച്ചു.

കൊല്ലം കേരളപുരം സ്വദേശിയായ വിപഞ്ചികയെയും ഒന്നര വയസ്സുള്ള മകളെയും ഷാര്‍ജയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ നാട്ടില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും ഡിജിപിക്കും വിപഞ്ചികയുടെ കുടുംബം പരാതി നല്‍കിയിരുന്നു.ഇതിന് പിന്നാലെയാണ് വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയില്‍ കുണ്ടറ പോലീസ് കേസെടുത്തത്.വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. നിതീഷിന്റെ സഹോദരി നീതു രണ്ടാം പ്രതിയും അച്ഛന്‍ മൂന്നാം പ്രതിയുമാണ്.