കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം നടപ്പാക്കിയാലുണ്ടാകുന്ന നഷ്ട കണക്ക് മന്ത്രിസഭ യോഗത്തിൽ അവതരിപ്പിക്കും. അന്തിമ തീരുമാനം ഗതാഗതവകുപ്പ് മുഖ്യമന്ത്രിക്ക് വിട്ടു.
സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കി തുടങ്ങിയാൽ ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം കെഎസ്ആർടിസിയ്ക്ക് നഷ്ടം 112 കോടി രൂപയാണ്. മൂന്നുമാസത്തിനുള്ളിലാണ് നഷ്ടം ഇത്രയധികം ആകുന്നത്. ഈ ഭീമമായ കണക്ക് കെഎസ്ആർടിസി എം ഡി ഗതാഗത വകുപ്പ് സെക്രട്ടറിക്ക് സമർപ്പിച്ചിരുന്നു. നാളെ മന്ത്രിസഭായോഗത്തിനു മുൻപാകെ വിവരങ്ങൾ അവതരിപ്പിക്കും. മന്ത്രിസഭയുടെ അംഗീകാരത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക.
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളത്തിനും ഇന്ധനത്തിനുമായി 125 കോടിയിലധികം രൂപ സർക്കാർ മുന്നേ തന്നെ കെഎസ്ആർടിസിക്ക് നൽകുന്നുണ്ട്. അതിനുപുറമെയാണ് ടിക്കറ്റ് വരുമാനത്തിൽ വരുന്ന നഷ്ടം കൂടി വഹിക്കേണ്ടി വരുക. ജൂൺ 15ന് മുൻപായി പുതിയ സ്കീം തയ്യാറാക്കുക, ഫിനാൻഷ്യൽ റോഡ് മാപ്പ് തയ്യാറാക്കുക തുടങ്ങിയ കടമ്പകളും സർക്കാരിന്റെ മുന്നിലുണ്ട്. തുടർ തീരുമാനങ്ങൾ മുഖ്യമന്ത്രിക്ക് വിടാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. സർക്കാരിന്റെ അധികസഹായമുണ്ടെങ്കിൽ പദ്ധതി നടപ്പിലാക്കാമെന്ന് കെഎസ്ആർടിസിയുടെ നിലപാട്.







