പാലത്തായി കേസ്; ‘ എസ്ഡിപിഐ വിഷയം വിവാദമാക്കിയത് പ്രതി ഹിന്ദുവായതിനാല്‍’; വിവാദ പരാമര്‍ശവുമായി സിപിഐഎം നേതാവ്

പാലത്തായി കേസില്‍ വിവാദപരാമര്‍ശവുമായി സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ഹരീന്ദ്രന്‍. പീഡിപ്പിക്കപ്പെട്ടത് മുസ്ലിം ആയതുകൊണ്ടും പീഡിപ്പിച്ചത് ഹിന്ദു ആയതുകൊണ്ടും ആണ് എസ്ഡിപിഐ വിഷയം വിവാദമാക്കിയത് എന്നും ഉസ്താദുമാര്‍ പീഡിപ്പിക്കുമ്പോള്‍ ഈ വിവാദങ്ങള്‍ കാണുന്നില്ലെന്നും പി ഹരീന്ദ്രന്‍ പറഞ്ഞു.

ഇന്നലെ രാത്രി പാനൂരില്‍ വച്ചായിരുന്നു സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ഹരീന്ദ്രന്റെ വിവാദ പരാമര്‍ശം. കേസില്‍ സിപിഎം മാത്രമാണ് പെണ്‍കുട്ടിക്ക് ഒപ്പം നിന്നത് എന്നും എസ്ഡിപിഐ വിവാദമുണ്ടാക്കാന്‍ ആണ് ശ്രമിച്ചതും എന്ന് പറയുന്നതിനിടയില്‍ ആയിരുന്നു ഈ വാക്കുകള്‍. ലീഗിനും ഇതേ ചിന്ത ആണെന്നും ഹരീന്ദ്രന്‍ പറഞ്ഞു. ഹരീന്ദ്രന്റെ പരാമര്‍ശം ദുര്‍വ്യാഖ്യനിക്കപ്പെട്ടത് ആണെന്നും അദ്ദേഹം അതിന് വിശദീകരണം നല്‍കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പ്രതികരിച്ചു.
പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളോടുള്ള സഹതാപമായിരുന്നുവെങ്കില്‍ ഈ കേരളത്തില്‍ ഉസ്താദുമാര്‍ പീഡിപ്പിച്ച എത്ര പെണ്‍കുട്ടികളുടെ, ആണ്‍കുട്ടികളുടെ വാര്‍ത്ത നമ്മള്‍ കണ്ടിട്ടുണ്ട. ആ കേസിന് എന്തു സംഭവിച്ചു എന്ന് ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ പ്രശ്‌നം പീഡിപ്പിക്കപ്പെട്ടു എന്നുള്ളതല്ല. പീഡിപ്പിച്ചത് ഹിന്ദുവാണ് പീഡിപ്പിക്കപ്പെട്ടത് മുസ്ലീം പെണ്‍കുട്ടിയാണ്, ആ ഒരൊറ്റ കാര്യം മാത്രമാണ് എസ്ഡിപിഐക്കാരന്റെ ചിന്ത. അത് വര്‍ഗീയതയാണ് – പി ഹരീന്ദ്രന്‍ പറഞ്ഞു.പി ഹരീന്ദ്രന്റെ വാക്കുകള്‍ വര്‍ഗീയത ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി പ്രതികരിച്ചു.

അതേസമയം, പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശപ്രകാരം പിരിച്ചുവിട്ടുകൊണ്ടുളള ഉത്തരവ് സ്‌കൂള്‍ മാനേജ്‌മെന്റ് പുറത്തുവിട്ടു.