ശബരിമല സ്വര്‍ണക്കൊള്ള; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു കസ്റ്റഡിയില്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു കസ്റ്റഡിയില്‍. ഇന്നലെ രാത്രി എസ്‌ഐടി സംഘം മുരാരി ബാബുവിനെ ചങ്ങനാശേരിയിലെ ഇയാളുടെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്ത് എത്തിച്ചു എന്നാണ് വിവരം.

സ്വര്‍ണ്ണപ്പാളിയിലോ ഉണ്ണികൃഷ്ണന്‍ പോറ്റിയിലോ അന്വേഷണം ഒതുങ്ങാതെ ക്രിമിനല്‍ ഗൂഢാലോചന സമഗ്രമായി അന്വേഷിക്കണമെന്നായിരുന്നു ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമുള്ള ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കേസിന്റെ ഗൗരവസ്വഭാവം പരിഗണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മിനുട്‌സ് ബുക്കും പിടിച്ചെടുത്തിരുന്നു. ദേവസ്വം ബോര്‍ഡ് അധികൃതരുടെയും ഭാരവാഹികളുടെയും പങ്ക് അന്വേഷിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. രണ്ടു കേസുകളിലെയും പ്രതിയായ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നു. നോട്ടീസ് നല്‍കി വിളിപ്പിക്കേണ്ടതില്ല എന്നായിരുന്നു തീരുമാനം.

ചോദ്യംചെയ്ത് വിട്ടയച്ച ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ വീണ്ടും ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തും. കസ്റ്റഡി കാലാവധി ഒക്ടോബര്‍ 30ന് കഴിയും മുന്‍പേ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സംസ്ഥാനത്തിന് പുറത്തേക്ക് തെളിവെടുപ്പിന് പോകാനാണ് ആലോചന. കോടതിയുടെ ഉത്തരവിന് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഹൈക്കോടതിയെ സമീപിക്കും. 2025ലെ ദേവസ്വം ബോര്‍ഡിനെതിരായ ദേവസ്വം ബെഞ്ചിന്റെ പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിക്കുന്ന തരത്തില്‍ ഒരു നിലപാടും നിലവിലെ ബോര്‍ഡ് സ്വീകരിച്ചിട്ടില്ല എന്നാണ് ബോര്‍ഡിന്റെ വാദം.