തിരുവനന്തപുരം ആറ്റിങ്ങലില്‍ യുവതിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നുറപ്പിച്ച് പൊലീസ്. ബിയര്‍ കുപ്പി കൊണ്ട് ശരീരമാസകലം കുത്തികൊലപ്പെടുത്തിയതെന്ന് നിഗമനം. കൊല്ലപ്പെട്ട ആസ്മിനയെ ലോഡ്ജില്‍ എത്തിച്ച ലോഡ്ജ് ജീവനക്കാരന്‍ ജോബി ജോര്‍ജിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
വടകര സ്വദേശി ആസ്മിനയെയാണ് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാരനായ ജോബിയാണ് ഇവരെ ലോഡ്ജിലേക്ക് കൊണ്ടുവന്നത്. ആസ്മിന തന്റെ ഭാര്യയാണെന്നാണ് ഇയാള്‍ സുഹൃത്തുക്കളെ പരിചയപ്പെടുത്തിയത്. ബിയര്‍ കുപ്പി കൊണ്ട് മാരകമായി മുറിവേല്‍പ്പിച്ചാണ് കുറ്റവാളി ആസ്മിനയെ കൊലപ്പെടുത്തിയിരിക്കുന്നത്. കൊലയ്ക്ക് പിന്നില്‍ ജോബിയാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേണം പുരോഗമിക്കുന്നത്.
ആറ്റിങ്ങല്‍ മൂന്നുമുക്കിലുള്ള ഗ്രീന്‍ ലൈന്‍ ലോഡ്ജിലായിരുന്നു കൊലപാതകം നടന്നത്. മുറിയില്‍ നിന്നും കൃത്യത്തിനു ഉപയോഗിച്ച ബിയര്‍ കുപ്പി കണ്ടെടുത്തു. സംഭവം നടന്ന ശേഷം ഇയാള്‍ പുലര്‍ച്ചെ ലോഡ്ജ് വിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ജോബിയെ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ടുപോകുന്നത്. കൊലപതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.





