Headlines

കൊള്ള പലിശക്കാരുടെ ഭീഷണിയില്‍ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം; പലിശ ഇടപാടുകാരന്‍ പ്രഹ്‌ലേഷ് നിരവധി പേരെ ഭീഷണിപ്പെടുത്തി

തൃശൂര്‍ ഗുരുവായൂരില്‍ കൊള്ള പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍, പലിശ ഇടപാടുകാരന്‍ പ്രഹ്‌ലേഷ് നിരവധിപേരെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകള്‍ പുറത്ത്. വ്യാപാരി മുസ്തഫയുടെ ആത്മഹത്യക്ക് ശേഷവും പണം കടം വാങ്ങിയവര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചു

പലിശ മുടങ്ങിയതിലാണ് വന്‍ ഭീഷണി. മുസ്തഫയുടെ ആത്മഹത്യക്ക് ശേഷവും പണം കടം വാങ്ങിയവര്‍ക്ക് ഭീഷണി സന്ദേശം അയച്ചു. ഇരുപതാം തീയതി ഗുരുവായൂര്‍ സ്വദേശിക്ക് അയച്ച സന്ദേശത്തില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഇയാള്‍ ഭീഷണി സന്ദേശം അയക്കുന്നത്. ചെറിയ തുക വാങ്ങി കൊള്ള പലിശ കൊടുക്കാന്‍ കഴിയാതെ ഇയാളുടെ കെണിയില്‍ വീണവര്‍ നിരവധിയാണ്.

കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത മുസ്തഫയില്‍ നിന്ന് സ്വന്തം സ്ഥലം ഉള്‍പ്പെടെ പലിശക്കാരന്‍ എഴുതി വാങ്ങിയിരുന്നു. മുസ്തഫയുടെ ആത്മഹത്യാക്കുറിപ്പില്‍ പ്രഹളേഷ്, ദിവേക് എന്നിവര്‍ ഭീഷണിപ്പെടുത്തിയതായി എഴുതിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നില്ല. ഇത് സംബന്ധിച്ച വാര്‍ത്ത വന്നതിന് പിന്നാലെ മുസ്തഫയുടെ കുടുംബത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി.

വ്യാപാര ആവശ്യങ്ങള്‍ക്കായി പ്രദേശവാസിയായ പ്രഹ്ലേഷില്‍ നിന്നും ദിവേകില്‍ നിന്നും മുസ്തഫ 6 ലക്ഷം രൂപയാണ് വാങ്ങിയത്. പലിശയും കൂട്ടുപലിശയുമായി ഒന്നര വര്‍ഷത്തിനിടെ കൊടുത്തു തീര്‍ത്തത് 40 ലക്ഷത്തിലധികം. 20 ലക്ഷത്തോളം രൂപ വിലവരുന്ന അഞ്ച് സെന്റ് ഭൂമി വെറും 5 ലക്ഷത്തിന് പലിശക്കാര്‍ എഴുതി വാങ്ങി. സ്വര്‍ണ്ണം വിറ്റ് നല്‍കിയ പണം വേറെ. നില്‍ക്കക്കള്ളി ഇല്ലാതായപ്പോഴാണ് മുസ്തഫ ജീവനൊടുക്കിയത്.

മുസ്തഫയെ ഭീഷണിപ്പെടുത്തിയ ഗുണ്ടകള്‍ പണം കൃത്യസമയത്ത് നല്‍കാത്തതിന് ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് മര്‍ദ്ദിച്ചു. ഭാര്യ ഒപ്പിട്ട് നല്‍കിയ ചെക്ക് മറ്റ് സംസ്ഥാനങ്ങളിലെ ബാങ്കില്‍ നല്‍കി അവിടെ കേസ് നടത്തുമെന്നും ഭീഷണിപ്പെടുത്തി. കടയിലെത്തി പലപ്പോഴും പണം പിടിച്ചു പറിച്ചു കൊണ്ടുപോകുന്നതും പതിവായിരുന്നു എന്നും കുടുംബം ആരോപിക്കുന്നു. ഇത്രയൊക്കെ ഉണ്ടായിട്ടും കേസില്‍ പോലീസിന്റെ മെല്ലെപോക്ക് ആണെന്നാണ് ആരോപണം.

ംഭവത്തില്‍ അസ്വാഭാവിക ഭരണത്തിന് കേസെടുത്ത് അന്വേഷണം തുടരുകയാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ്. ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ പരിശോധിച്ചു തുടര്‍ന്ന് നടപടികള്‍ സ്വീകരിക്കും എന്നാണ് വിശദീകരണം.