ഇക്കുറി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറച്ച ആത്മവിശ്വാസം; ബിഹാറിനെ രാജ്യത്ത് ഒന്നാമതെത്തിക്കുക ലക്ഷ്യം’; തേജസ്വി യാദവ്

ഇത്തവണ ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറച്ച ആത്മവിശ്വാസമുണ്ടെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. തൊഴിലില്ലായ്മ, വിലക്കയറ്റം, കുടിയേറ്റം തുടങ്ങിയവക്കെതിരെയാണ് പോരാട്ടം. നിലവിലെ സര്‍ക്കാരില്‍ ജനങ്ങള്‍ അസംതൃപ്തരാണ്. സാമ്പത്തിക നീതി നടപ്പാക്കാന്‍ ആണ് താന്‍ ശ്രമിക്കുന്നതെന്നും തേജസ്വി യാദവ് പറഞ്ഞു.

ഇത്തവണ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും. ഉറച്ച ആത്മവിശ്വാസമുണ്ട്. തൊഴിലില്ലായ്മ, വിലക്കയറ്റം, കുടിയേറ്റം എന്നിവയ്‌ക്കെതിരെയാണ് എന്റെ പോരാട്ടം. സര്‍ക്കാരിന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമായി ജനങ്ങള്‍ക്ക് മുന്നില്‍ വച്ചിട്ടുണ്ട്. എന്‍ഡിഎ സര്‍ക്കാര്‍ എന്റെ ആശയങ്ങളാണ് പകര്‍ത്തുന്നത്. രാഷ്ട്രീയത്തെ കുറിച്ച് ബിഹാറിലെ ജനങ്ങള്‍ക്ക് നല്ല ധാരണയുണ്ട്. അവര്‍ക്ക് അതറിയാം – തേജസ്വി പറഞ്ഞു.

20 വര്‍ഷമായി ഏറ്റവും ദരിദ്ര സംസ്ഥാനമാണ് ബിഹാറെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി മാറി. അഴിമതിയും ഇവിടെ കൂടുതലാണ്. നിലവിലെ ഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണ് അവര്‍ മാറ്റം ആഗ്രഹിക്കുന്നു – അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമ്പത്തിക നീതി നടപ്പിലാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രിയായിരുന്ന 17 മാസംകൊണ്ട് അഞ്ച് ലക്ഷം തൊഴിലുകള്‍ നല്‍കി. അഴിമതി, കുറ്റകൃത്യങ്ങള്‍, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെയാണ് പോരാട്ടം. ബിഹാറിനെ രാജ്യത്ത് ഒന്നാമതെത്തിക്കുകയാണ് ലക്ഷ്യം – അദ്ദേഹം പറഞ്ഞു. മഹാസഖ്യത്തില്‍ ആശയക്കുഴപ്പങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആറു സീറ്റുകളിലെ സൗഹൃദ മത്സരം തന്ത്രപരമെന്നും അദ്ദേഹം പറഞ്ഞു.