ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനും ആഗോള ജൂത സമൂഹത്തിനും പുതുവത്സര ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി . എക്സിലൂടയായിരുന്നു ജൂത പുതുവത്സരമായ റോഷ് ഹഷാനയുടെ വേളയിൽ മോദി ആശംസകള്‍ നേര്‍ന്നത്.നെതന്യാഹുവിനെ ‘ മൈ ഫ്രണ്ട്’ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ ആശംസ. പുതിയ വർഷം സമാധാനവും, പ്രതീക്ഷയും, നല്ല ആരോഗ്യവും നിറഞ്ഞതാകട്ടെ എന്ന് പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു.
‘ഷാനാ തോവ! എന്റെ സുഹൃത്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും, ഇസ്രായേൽ ജനതയ്ക്കും, ലോകമെമ്പാടുമുള്ള ജൂത സമൂഹത്തിനും റോഷ് ഹഷാന ആശംസകൾ. എല്ലാവർക്കും സമാധാനവും, പ്രതീക്ഷയും, ആരോഗ്യവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു,” മോദി എക്‌സില്‍ കുറിച്ചു. ഇംഗ്ലീഷിലും ഹീബ്രുവിലുമായിരുന്നു മോദി ആശംസകള്‍ നേര്‍ന്നത്.
ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധത്തിന്റെ പ്രതിഫലനമായി ഈ സന്ദേശത്തെ വിലയിരുത്തുന്നു. നെതന്യാഹു കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രിക്ക് 75-ാം ജന്മദിനാശംസകൾ നേർന്നിരുന്നു. ഡോണാൾഡ് ട്രംപ്, വ്ലാഡിമിർ പുടിൻ തുടങ്ങിയ ലോക നേതാക്കളും നരേന്ദ്ര മോദിക്ക് ആശംസകൾ അറിയിച്ചിരുന്നു.