Headlines

അള്‍ഷൈമേഴ്‌സ് ഉണ്ടോ എന്ന് ഇനി സാംസങ് ഫോണുകൾ പറയും ; പുതിയ കണ്ടെത്തലുമായി കമ്പനി

നിങ്ങൾക്ക് അള്‍ഷൈമേഴ്‌സ് രോഗം വരാനുള്ള സാധ്യത ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താൻ ഇനി സാംസങ് ഫോണുകൾ സഹായിക്കും. സാംസങ് ഗ്യാലക്‌സി ഫോണുകളിലും വാച്ചുകളിലും ഈ പുത്തൻ ഫീച്ചർ കൊണ്ടുവരാൻ കമ്പനി തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. ആപ്പുകളുടെ ഉപയോഗം, ടൈപ്പിംഗ് സ്പീഡ് , കോൾ ഫ്രീക്വൻസി, ഉറക്കം, ശബ്ദം, മെസ്സേജിങ് പാറ്റേൺ എന്നിവയുടെ അടിസ്ഥാനത്തിലാകും വിശകലനം നടത്തുക. ഇത് ട്രാക്ക് ചെയ്യുന്നതിനായി ഗവേഷകർ ഡിജിറ്റൽ ബയോമാർക്കർ വികസിപ്പിച്ചെടുത്തതായി കമ്പനി അവരുടെ ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കി.

സ്മാർട്ട് ഫോണുകളും വാച്ചും ഉപയോഗിക്കുന്ന വ്യക്തിയുടെ ശീലങ്ങൾ , ശരീരത്തിന്റെ സവിശേഷതകൾ തുടങ്ങിയവ പഠിച്ചെടുക്കുകയും ഇവ സൂക്ഷ്മമായി നിരീക്ഷിച്ച് രേഖപ്പെടുത്തുകയും ചെയ്യുന്നു. സോഷ്യൽ മീഡിയ ഉപയോഗം, ഫോൺ വഴിയുള്ള സംഭാഷണം, വാക്കുകൾ സംസാരിക്കുമ്പോഴുള്ള വ്യക്തത എല്ലാം ഡിജിറ്റൽ ബയോമാർക്കറുകൾ നിരീക്ഷിക്കും. ഇതിലൂടെ തലച്ചോറിന്റെ പ്രവർത്തനം,ഓർമ്മ, തലച്ചോറിന് ഭാഷ ഉപയോഗിക്കാനുള്ള ശേഷി തുടങ്ങി അള്‍ഷൈമേഴ്‌സിന് കാരണമാകുന്ന തലച്ചോറിന്റെ പ്രശ്നങ്ങളെയെല്ലാം ഇവ കണ്ടെത്തും.

ഇങ്ങനെ സ്മാർട്ട് ഫോണുകളിലൂടെയും, വാച്ചിലൂടെയും കണ്ടെത്തുന്ന ഡാറ്റകൾ അള്‍ഷൈമേഴ്‌സ് രോഗത്തിന്റെ സാധ്യത മുന്നേ വെളിപ്പെടുത്തുമെന്നാണ് സാംസങ് പറയുന്നത്. ഇത് വ്യക്തികൾക്ക് മുൻകരുതലുകളും , ചികിത്സയും പ്രാരംഭ ഘട്ടത്തിൽ തന്നെ തേടാൻ കഴിയുമെന്നും അവർ വ്യക്തമാക്കി. ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ നടന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്‌സിന്റെ (ഐഇഇഇ) എഞ്ചിനീയറിംഗ് ഇൻ മെഡിസിൻ ആൻഡ് ബയോളജി സൊസൈറ്റി (ഇഎംബിഎസ്) ഇന്റർനാഷണൽ കോൺഫറൻസിൽ സംസങ് അവരുടെ പുതിയ കണ്ടുപിടുത്തം അവതരിപ്പിച്ചിരുന്നു. ഈ പ്രബന്ധനങ്ങൾ ഏറ്റവും മികച്ച ഏഴ് ശതമാനത്തിൽ ഇടം നേടുകയും ചെയ്തു. തങ്ങളുടെ പുതിയ കണ്ടെത്തൽ ആശുപത്രികളിൽ നടക്കുന്ന മറവിരോഗ ടെസ്റ്റുകളുടെ അതേ ഫലം തന്നെയാണ് നൽകുന്നതെന്നാണ് കമ്പനിയുടെ വാദം.

പുതിയ അൽഷിമേഴ്‌സ് ഡിറ്റക്ഷൻ ഫീച്ചർ എപ്പോൾ മുതൽ ലഭ്യമാകുമെന്നതിൽ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. വരും വർഷങ്ങളിൽ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.