ചേർത്തല ബിന്ദു പത്മനാഭൻ കൊലക്കേസ്; പ്രതി സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തി

ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതകക്കേസിൽ പ്രതി സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് ജയിലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെബാസ്റ്റ്യനെ ഇന്ന് അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. ജൈനമ്മ കൊലപാതകക്കേസിൽ റിമാന്റിൽ കഴിയുകയാണ് സെബാസ്റ്റ്യൻ.

2006ലാണ് ബിന്ദു പത്മനാഭൻ കൊല്ലപ്പെടുന്നത്. ഒപ്പമുണ്ടായിരുന്ന ഫ്രാങ്ക്‌ളിനുമായി ചേർന്ന് പള്ളിപ്പുറത്തെ വീട്ടിലെ ശുചിമുറിയിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന അയൽവാസിയായ ശശികലയുടെ നിർണായകമായ ശബ്ദസന്ദേശമാണ് കേസിൽ വഴിത്തിരിവായത്.അയൽവാസി ശശികലയെ വിളിച്ച് സെബാസറ്റ്യന്റെ കൂട്ടാളി സോഡാ പൊന്നപ്പൻ സംഭവങ്ങൾ വെളിപ്പെടുത്തിയിരുന്നു.

കൊലപാതക ലക്ഷ്യം ബിന്ദുവിന്റെ സ്വത്ത് തട്ടിയെടുക്കലായിരുന്നു. മദ്യവും മയക്കുമരുന്നും നൽകി ബിന്ദുവിനെ വീട്ടിലെ ശുചിമുറിയിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സോഡാ പൊന്നപ്പൻ അയൽവാസിയോട് ശബ്‌ദരേഖയിൽ പറഞ്ഞത്. ശബ്ദരേഖ ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. കൃത്യമായ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.സെബാസ്റ്റ്യനെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. എവിടെ വെച്ചാണ് കൃത്യം നടത്തിയത്, മൃതദേഹം എവിടെയാണ് മറവ് ചെയ്തിരിക്കുന്നത് എന്നതടക്കമുള്ള കൃത്യമായ വിവര ശേഖരണത്തിനായാണ് സെബാസ്റ്റ്യനെ കസ്റ്റഡിയിൽ വാങ്ങുക. ഇന്ന് തന്നെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.