യുഎൻ ആസ്ഥാനത്ത് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ചർച്ച നടത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇരുരാജ്യങ്ങൾക്കുമിടയിൽ നിലവിലുള്ള പ്രശ്നങ്ങൾ ചർച്ചയായെന്ന് എസ് ജയങ്കർ. ഇന്ത്യയുമായുള്ള ബന്ധം അമേരിക്കക്ക് നിർണായകമെന്ന് മാർക്കോ റൂബിയോ പ്രതികരിച്ചു.
അധിക തീരുവയും എച്ച്1 ബി വിസയും ഉൾപ്പെടെയുളള വിഷയങ്ങളിൽ ആശങ്ക നിലനിൽക്കെയാണ് ഇരുനേതാക്കളുമായുള്ള കൂടിക്കാഴ്ച നടന്നത്. വ്യാപാരം, ഊർജം, മരുന്ന്, ധാതുക്കൾ തുടങ്ങിയ വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. ‘റൂബിയോയുമായി ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും അന്താരാഷ്ട്ര വിഷയങ്ങളിലും ചർച്ച നടന്നതായി വിദേശകാര്യമന്ത്രി എക്സിൽ കുറിച്ചു. ഇരുരാജ്യങ്ങളുമായി വിവിധ മേഖലകളിൽ വ്യാപാരവാണിജ്യബന്ധം തുടരുമെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യൻ നയതന്ത്രപ്രതിനിധിയുടെ പ്രതികരണം. പ്രതിരോധം ഉൾപ്പെടെയുള്ള മേഖലകളിലെ വ്യാപാരബന്ധം ദൃഢമാക്കുന്നതിനുള്ള ചർച്ചകൾ സ്വാഗതം ചെയ്തുന്നതായി മാർക്കോ റൂബിയോ പറഞ്ഞു.
80-ാമത് യുഎൻ പൊതുസഭ സമ്മേളനത്തിൻ്റെ ഭാഗമായി ഉഭയകക്ഷി ചർച്ചകൾക്കായി ന്യൂയോർക്കിൽ എത്തിയതായിരുന്നു ഇരുവരും. പിയൂഷ് ഗോയൽ യുഎസ് വാണിജ്യ പ്രതിനിധി ജയ്മിസൺ ഗ്രീയറുമായും ചർച്ച നടത്തി. വ്യാപാര കരാർ യാഥാർത്ഥ്യമാക്കുന്നതിന് തത്വത്തിൽ ധാരണയായി എന്നാണ് വിവരം. അധിക തീരുവ, എച്ച്1 ബി വിസ തുടങ്ങിയ വിഷയങ്ങൾ രണ്ടു കൂടിക്കാഴ്ചകളിലും ഉയർന്നു എന്ന് സൂചന. ചർച്ചകൾ ഫലപ്രദമെന്ന് ആവർത്തിക്കുമ്പോഴും പ്രധാനപ്പെട്ട അധികതീരുവ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വ്യക്തമായ ധാരണ ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.