Headlines

നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജി കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ കോടതി വിശദമായ വാദം കേള്‍ക്കും. ആവശ്യമായ തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹര്‍ജി നല്‍കിയത്

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ പ്രതിക്ക് രക്ഷപ്പെടാനുള്ള നിരവധി പഴുതുകള്‍ ഉണ്ടെന്നും നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടത്തിയെന്നും ഹര്‍ജിയില്‍ കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കുടുംബത്തിന്റെ ആവശ്യത്തില്‍ നിലപാട് അറിയിക്കാന്‍ പൊലീസിന് കൂടുതല്‍ സമയം അനുവദിച്ചിരുന്നു.

പ്രതിയെ രക്ഷപ്പെടുത്താന്‍ സാക്ഷികളെ കൃത്രിമമായി ഉണ്ടാക്കിയെന്നും ഫോണ്‍ അടക്കമുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചില്ലെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. തുടരന്വേഷണം എന്ന കുടുംബത്തിന്റെ ആവശ്യത്തോട് പൊലീസ് അനുകൂല നിലപാട് സ്വീകരിക്കാന്‍ സാധ്യതയില്ല.