തിരുവനന്തപുരം ∙ തദ്ദേശ വകുപ്പിൽ കൂട്ടസ്ഥലംമാറ്റത്തിനു നിർദേശിച്ച് മന്ത്രി കെ.എം.ഷാജി ഔദ്യോഗിക ലെറ്റർഹെഡിൽ പ്രിൻസിപ്പൽ ഡയറക്ടർക്ക് നൽകിയ കുറിപ്പ് ചോർന്നു. ‘ഭരണസൗകര്യാർഥം പൊതുതാൽപര്യത്തിനു വിധേയമായി ജീവനക്കാരുടെ പൊതുസ്ഥലംമാറ്റം’ നടത്താനാണ് ജൂലൈ 8 ലെ കുറിപ്പിലെ നിർദേശം. ജില്ലാതല ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പ് വഴിയാണു കുറിപ്പ് പുറത്തായത്. പഞ്ചായത്തുകളിലും നഗരസഭകളിലും ഓൺലൈൻ വഴി നടത്തേണ്ട സ്ഥലംമാറ്റത്തെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2026 ലെ പൊതുസ്ഥലംമാറ്റത്തിനായി ഓൺലൈൻ വഴി തദ്ദേശ വകുപ്പ് അപേക്ഷകൾ ക്ഷണിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല. പട്ടിക തയാറാക്കി ആക്ഷേപങ്ങളും പരാതികളും പരിശോധിച്ചും സീനിയോറിറ്റി കണക്കിലെടുത്തുമാണു സ്ഥലംമാറ്റം നടപ്പാക്കേണ്ടത്.2025 ലെ തദ്ദേശ തിരഞ്ഞെടുപ്പ്, 2026 ഏപ്രിലിലെ നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയുടെ ഭാഗമായി വന്ന മാതൃകാ പെരുമാറ്റച്ചട്ടം, സെൻസസ് നടപടികൾ എന്നിവ കാരണം ഈ വർഷം പൊതുസ്ഥലംമാറ്റം നടത്താനായിട്ടില്ലെന്നു കുറിപ്പിൽ വ്യക്തമാക്കുന്നു. തദ്ദേശ സ്ഥാപന അധ്യക്ഷർ തന്നോടു നേരിട്ടും രേഖാമൂലവും ഭരണസമിതി തീരുമാനം അനുസരിച്ചു ജീവനക്കാരുടെ സ്ഥലംമാറ്റം നടത്താൻ അഭ്യർഥിച്ചിട്ടുണ്ട്. അതിനാൽ ഉചിതമാർഗത്തിൽ ഇതു നടപ്പാക്കണമെന്ന അഭ്യർഥനയോടെയാണു പ്രിൻസിപ്പൽ ഡയറക്ടർക്കുള്ള കുറിപ്പ് അവസാനിക്കുന്നത്.
സ്ഥലംമാറ്റാൻ ലക്ഷ്യമിട്ടത് നാനൂറോളം പേരെ
ആദ്യപടിയായി പഞ്ചായത്തുകളിലെയും നഗരസഭകളിലെയും നാനൂറോളം സെക്രട്ടറിമാരെ സ്ഥലംമാറ്റാനായിരുന്നു നീക്കം. തദ്ദേശ വകുപ്പ് ഭരിക്കുന്ന കക്ഷിയിലെ സർവീസ് സംഘടന ഇതിനായി നീക്കം നടത്തിയിരുന്നു. അസി. എൻജിനീയർ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരുടെ സ്ഥലംമാറ്റവും പരിഗണിച്ചിരുന്നതായി പ്രതിപക്ഷ സർവീസ് സംഘടനകൾ ആരോപിക്കുന്നു.








