Headlines

കൂടുതൽ പടക്കങ്ങളും വെടിമരുന്നും സൂക്ഷിച്ചു: പാറമേക്കാവിന്റെ പടക്കനിർമാണശാല ഉടമയ്ക്കെതിരെ കേസ്

പാറമേക്കാവിന്റെ പടക്കനിർമാണശാല ഉടമയ്ക്കെതിരെ കേസെടുത്ത് കൊല്ലങ്കോട് പൊലീസ്. കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെയാണു കേസ്. ലൈസൻസിൽ അനുവദിച്ചതിനെക്കാൾ കൂടുതൽ പടക്കങ്ങളും വെടിമരുന്നും സൂക്ഷിച്ചെന്ന തഹസിൽദാർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. നിലവിൽ പടക്കനിർമാണശാല പോലീസ് സീൽ ചെയ്തിട്ടുണ്ട്. തുടർപരിശോധനകൾ നടത്തുമെന്ന് പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചു.

15 കിലോ വെടിമരുന്ന് മാത്രം സൂക്ഷിക്കാനുള്ള ലൈസൻസാണ് പാലക്കാട് ജില്ലാ ഭരണകൂടം അനുവദിച്ചിരരുന്നത്. എന്നാൽ ആയിരം കിലോയോളം വെടിമരുന്നാണ് ബിനോയ് ജേക്കബിന്റെ മുതലമടയിലെ പടക്കനിർമ്മാണശാലയിൽ കണ്ടെത്തിയത്. പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. വലിയ തോതിൽ പടക്ക നിർമാണം നടക്കുന്നയിടമാണ് പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാല. ചിറ്റൂർ തഹസിൽദാർ പടക്ക നിർമാണ ശാല സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയശേഷമാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്.തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നിർണായക തീരുമാനങ്ങളുമായി പാറമേക്കാവ് -തിരുവമ്പാടി ദേവസ്വങ്ങൾ രംഗത്തെത്തിയിരുന്നു. വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്തണമെന്നാണ് ഇരുവിഭാഗങ്ങളുടെയും നിലപാട്. കളക്ടറേറ്റിൽ രാവിലെ 10 മണിക്കാണ് ദേവസ്വങ്ങളും, മന്ത്രിമാരും അടങ്ങുന്ന ഉന്നതതല യോഗം നടക്കുക.