‘ട്രംപ് ബോര്‍ഡ് ഓഫ് പീസ്’ ഇനി ഔദ്യോഗിക അന്താരാഷ്ട്ര സംഘടന; അംഗമാകുന്നതില്‍ നിലപാട് വ്യക്തമാക്കാതെ ഇന്ത്യ

‘ട്രംപ് ബോര്‍ഡ് ഓഫ് പീസ്’ ഇനി ഔദ്യോഗിക അന്താരാഷ്ട്ര സംഘടന. ദാവോസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചാര്‍ട്ടര്‍ അവതരിപ്പിച്ചു. അംഗത്വമെടുത്തവര്‍ ഒരു ബില്യണ്‍ ഡോളര്‍ ധനസഹായം നല്‍കണമെന്ന് ട്രംപ്. ഐക്യരാഷ്ട്ര സംഘടനക്ക് ബദലായാണ് ട്രംപിന്റെ പുതിയ നീക്കമെന്നതാണ് ഉയരുന്ന ആശങ്ക. (Trump rolls out his Board of Peace).പാകിസ്താന്‍ ,അസര്‍ബൈജാന്‍, യുഎഇ, ഹംഗറി ഇസ്രായേല്‍ തുടങ്ങി ഇരുപതിലധികം രാജ്യങ്ങള്‍ സമിതിയില്‍ അംഗങ്ങളായി. സ്ഥിരം അംഗങ്ങളാകുന്നവര്‍ ഒരു ബില്യണ്‍ യുഎസ് ഡോളര്‍ സംഭാവന നല്‍കണമെന്ന് ട്രംപ് അഭ്യര്‍ഥിച്ചു. ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിട്ടുനിന്നു. നിലവില്‍ സമിതിയില്‍ അംഗമാകില്ലെന്ന് ബ്രിട്ടന്‍ അറിയിച്ചു. സമിതിയില്‍ അംഗമാകുന്നതില്‍ ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.ഗസയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കുക,ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുക,ഗസയുടെ പുനര്‍നിര്‍മാണത്തിനാവശ്യമായനടപടികള്‍ സ്വീകരിക്കുക തുടങ്ങിയവയാണ്കരാര്‍ ലക്ഷ്യമിടുന്നതെന്ന് തുടക്കത്തില്‍ പ്രഖ്യാപിച്ചെങ്കിലും പിന്നീട് ആഗോള സംഘര്‍ഷം പരിഹരിക്കുകയാണ് സമിതിയുടെ ലക്ഷ്യമെന്ന് ട്രംപ് അറിയിക്കുകയായിരുന്നു. ചാര്‍ട്ടറില്‍ ഒരിടത്തും ഗസ പരാമര്‍ശമില്ല എന്നതും എതിര്‍പ്പിനിടയാക്കി. . പലസ്തീന്‍ ജനതയെ സഹായിക്കാന്‍ ഒരു ബില്യണ്‍ ഡോളര്‍ നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചു.

ബോര്‍ഡ് ഓഫ് പീസില്‍ അംഗമാകുന്നതിന് ഇന്ത്യയെയും ട്രംപ് ക്ഷണിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല . ഐക്യരാഷ്ട്രസംഘടനക്ക് ബദലായാണ് ട്രംപിന്റെ പുതിയ നീക്കമെന്നതാണ് ഉയരുന്ന ആശങ്ക. ആണവ രാഷ്ട്രങ്ങളായ ഇന്ത്യയും പാകിസ്താനും തമ്മില്‍ ആരംഭിച്ച യുദ്ധംഅവസാനിപ്പിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന പതിവ് പല്ലവി ട്രംപ് ദാവോസിലും ആവര്‍ത്തിച്ചു.