‘സിപിഐഎമ്മിനെ ജനം തൂത്തെറിയും, സിപിഐഎം അക്രമങ്ങള്‍ നടത്തുന്നത് സര്‍വനാശത്തിന്’; പി.കെ കുഞ്ഞാലിക്കുട്ടി

തീരഞ്ഞടുപ്പ് പരാജയം ഉള്‍കൊള്ളാന്‍ സിപിഐഎം തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. പെരിന്തൽമണ്ണ നഗരസഭ യു ഡി എഫ് പിടിച്ചതിൻ്റെ അസ്വസ്ഥതയാണ് സിപിഐഎമ്മിന്. തോൽവി സിപിഐഎമ്മിന് ഉൾക്കൊള്ളാനാകുന്നില്ല. സിപിഐഎമ്മിനെ ജനം തൂത്തെറിയും.

മലപ്പുറത്തെ ജനങ്ങള്‍് സിപിഎമ്മിനെ മൈക്രോ മൈനോരിറ്റിയാക്കി മാറ്റി. അത് അംഗീകരിക്കാനുള്ള പ്രയാസമാണ് ഇത്തരത്തില്‍ അക്രമങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കളമശ്ശേരിയില്‍ ആരോപിച്ചു.

പെരിന്തല്‍മണ്ണയില്‍ മുസ്ലീം ലീഗിന്റെ ഓഫീസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച്‌ യുഡിഎഫ് ഇന്ന് പെരിന്തല്‍മണ്ണയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്തതോടെയാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്.

ജനപിന്തുണയിലാണ് ഭരണമാറ്റമുണ്ടായതെന്നും അവരെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നജീബ് കാന്തപുരം എംഎല്‍എ അറിയിച്ചു. പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ ഇന്ന് രാവിലെ 6 മുതല്‍ വൈകീട്ട് വരെയായിരുന്നു ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്.

ദാരുണമായ ആക്രമണമാണ് പെരിന്തല്‍മണ്ണയില്‍ മുസ്‌ലിം ലീഗ് ഓഫീസിന് നേരെ സിപിഐഎം അഴിച്ചുവിട്ടതെന്ന് നജീബ് കാന്തപുരം പറഞ്ഞു. ‘മുസ്ലിം ലീഗ് ഓഫിസിനു നേരേ ശക്തമായ ആക്രമണം നടന്നു.UDF വിജയാഘോഷം സിപിഐഎം ഓഫിസ് പരിസരത്തേക്ക് പോയിട്ടില്ല. കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതുപോലെ പ്രചാരണം നൽകി. പോലിസിൻ്റെ സാന്നിധ്യത്തിലായിരുന്നു ആക്രമണം നടന്നത്.

കണ്ണൂർ മോഡലാണ് നടപ്പാക്കിയത്. തോൽവിയിൽ നിന്ന് പാഠം പഠിയ്ക്കാതെ നീചമായി ജനങ്ങളെ ആക്രമിക്കുന്നു. പ്രതികളെ പിടികൂടണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടു. രാത്രിയോടെ പ്രതികളെ പിടികൂടിയതിൽ ആശ്വാസം.

ഇതോടെയാണ് ഹർത്താൽ പിൻവലിച്ചത്. അക്രമത്തെ അക്രമത്തിൻ്റെ വഴിയിൽ നേരിടില്ല. ഇനിയും പ്രതികളെ പിടികൂടാനുണ്ട്. സിപിഐഎം ഓഫിസ് ആക്രമിച്ചിട്ടുണ്ടെങ്കിൽ പ്രതികളെ സംരക്ഷിക്കില്ല. പോലിസ് അവരുടെ കയ്യിലല്ലേ, എല്ലാവരെയും പിടി കൂടണം. സിപിഐഎം ഓഫീസിന് അവർ തന്നെയാണ് കല്ലെറിഞ്ഞതെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ രാത്രിയായിരുന്നു മുസ്‌ലിം ലീഗ് ഓഫീസിന് നേരെ ആക്രമണം നടന്നത്. യുഡിഎഫ് വിജയാഘോഷ പ്രകടനത്തിനിടെ തങ്ങളുടെ ഓഫീസിന് നേരെ കല്ലെറിഞ്ഞതായി സിപിഐഎം ആരോപിച്ചു. ഇതിലുള്ള പ്രതിഷേധ പ്രകടനം നടക്കവെയാണ് ലീഗ് ഓഫീസായ സിഎച്ച് സൗധത്തിന് നേരെ കല്ലേറുണ്ടായത്.