ഡൽഹി കലാപക്കേസ്; ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ നോട്ടീസ്

ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുൾപ്പെടെ നാല് പ്രതികളുടെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി ഡൽഹി പൊലീസിനും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ചു. 2020 മുതൽ വിചാരണ കൂടാതെ തടവിൽ കഴിയുന്ന ഈ പ്രതികളുടെ ഹർജിയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ഈ കേസ് ഒക്ടോബർ 7-ന് വീണ്ടും പരിഗണിക്കും.

പൗരത്വ ഭേദഗതി നിയമത്തിനും (CAA) ദേശീയ പൗരത്വ രജിസ്റ്ററിനും (NRC) എതിരായ പ്രതിഷേധങ്ങളുടെ മറവിൽ ഡൽഹിയിൽ കലാപത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് ഡൽഹി പൊലീസ് ഉമർ ഖാലിദ്, ഷർജീൽ ഇമാം, ഗൾഫിഷ ഫാത്തിമ, മീരാൻ ഹൈദർ എന്നിവരുൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.

പ്രതികൾ നേരത്തെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്. 2020 മുതൽ ജയിലിൽ കഴിയുന്ന ഇവർ അഞ്ച് വർഷമായി വിചാരണ പോലും നേരിട്ടിട്ടില്ല. 2020 സെപ്റ്റംബറിൽ ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ, യുഎപിഎ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്.