പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ എയർ ആംബുലൻസ് വഴിയാണ് വെല്ലൂരിലേക്ക് മാറ്റിയത്. ഒരു പരിപാടിക്കിടെ ഹൃദയാഘാതം സംഭവിച്ച് കുഴഞ്ഞുവീണ രാജേഷ് കേശവ് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നിലവിൽ ന്യൂറോ റിഹാബിലിറ്റേഷൻ ചികിത്സ നൽകുന്നതിനായാണ് അദ്ദേഹത്തെ വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
രാജേഷിന്റെ ചികിത്സയ്ക്കായി എയർ ആംബുലൻസ് ഒരുക്കാൻ മുൻകൈയെടുത്ത നടൻ സുരേഷ് ഗോപി, വ്യവസായി യൂസഫ് അലി, വേഫേറർ, എസ്.കെ.എൻ എന്നിവർക്ക് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ നന്ദി അറിയിച്ചു. രാജേഷിന്റെ ആരോഗ്യനിലയിൽ ആശങ്ക അറിയിച്ചുകൊണ്ട് സിനിമാ-ടെലിവിഷൻ മേഖലയിലെ നിരവധി പ്രമുഖർ നേരത്തെ രംഗത്തെത്തിയിരുന്നു.
ഹൃദയാഘാതമാണ് അദ്ദേഹത്തിന് സംഭവിച്ചതെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. ഡിസ്നി, സ്റ്റാർ, സൺ, സീ നെറ്റ്‌വർക്കുകൾ തുടങ്ങിയ പ്രമുഖ ചാനലുകളിലെ പരിപാടികളിലൂടെ ശ്രദ്ധേയനാണ് രാജേഷ്. സിനിമകളുടെ പ്രൊമോഷൻ ഇവന്റുകളിലും അദ്ദേഹം സജീവമാണ്.