ഇറാൻ – അമേരിക്ക ആദ്യവട്ട ചർച്ച അവസാനിച്ചത് കടുത്ത സംഘർഷത്തിൽ

 

പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്കിൽ ആരംഭിച്ച അമേരിക്ക – ഇറാൻ ഒന്നാംവട്ട ഔദ്യോഗിക ചർച്ചകൾ പൂർത്തിയായി. കടുത്ത വാക്പോരും നാടകീയതയും നിറഞ്ഞ ആദ്യഘട്ട പ്രതിനിധിതല ചർച്ച ഏകദേശം 80 മിനിറ്റോളം നീണ്ടുനിന്നു.

 

 

ചർച്ചയ്ക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളിലൂടെ നടത്തിയ കടുത്ത പ്രസ്താവനകൾ വലിയ സംഘർഷത്തിന് കാരണമായി. ലെബനോണിൽ ഹിസ്ബുല്ലയെ നിയന്ത്രിക്കാൻ ഇറാൻ തയ്യാറായില്ലെങ്കിൽ ഇറാന് നേരെ വീണ്ടും ശക്തമായ സൈനിക ആക്രമണമുണ്ടാകുമെന്ന് ട്രംപ് ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിലൂടെ മുന്നറിയിപ്പ് നൽകി. ചർച്ചകളിൽ അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ ഹോർമുസ് കടലിടുക്ക് അമേരിക്കൻ സൈന്യം പിടിച്ചെടുക്കുമെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് ഭീഷണി മുഴക്കി.

 

യുഎസ് ഭരണകൂടത്തിന്റെ നിലപാടിൽ കടുത്ത അമർഷം രേഖപ്പെടുത്തിയ ഇറാൻ നയതന്ത്ര സംഘം പ്രതിഷേധ സൂചകമായി ചർച്ചാ മുറിയിൽ നിന്നും വാക്കൗട്ട് നടത്തി. ഔദ്യോഗിക ഹസ്തദാന ഫോട്ടോ സെഷനിൽ നിന്നും ഇറാൻ സംഘം പൂർണ്ണമായി വിട്ടുനിന്നു. അമേരിക്കയുടെ വെറുമൊരു മാധ്യമ ഷോയ്ക്ക് നിന്നുതരില്ലെന്ന് ഇറാൻ. അമേരിക്ക വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബഫ് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി. ചർച്ചയിലെ സംഘർഷങ്ങൾ നയതന്ത്രത്തിൽ സ്വാഭാവികമാണെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പ്രതികരിച്ചു. പ്രതിസന്ധികൾക്കിടയിലും വരും ദിവസങ്ങളിൽ ചർച്ചകൾ തുടരുമെന്ന് തന്നെയാണ് ഇറാനും യുഎസും വ്യക്തമാക്കുന്നത്.