Headlines

ചർച്ചകൾക്കിടെ അമേരിക്കൻ ആക്രമണം, ആണവ നിർവ്യാപന കരാറിനെ ബാധിക്കും; ഇറാന്റെ മുന്നറിയിപ്പ്

ടെഹ്റാൻ : ആണവോർജ കേന്ദ്രങ്ങളിലേക്ക് അമേരിക്ക അഴിച്ചുവിട്ട ആക്രമണം ആണവ നിർവ്യാപന കരാറിനെ ബാധിക്കുമെന്ന ഗുരുതര മുന്നറിയിപ്പുമായി ഇറാൻ. അമേരിക്കയുമായും യൂറോപ്യൻ യൂണിയനുമായും ചർച്ച നടക്കുമ്പോൾ നടന്ന ആക്രമണം ചർച്ചകളുടെ സാധ്യതകൾ തകർത്തെന്നും ഇനിയെങ്ങനെ ചർച്ച നടക്കുമെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി ആരാഞ്ഞു. അപകടകരമായ യുദ്ധം തുടങ്ങിവെച്ചിരിക്കുകയാണ് അമേരിക്കയെന്നാണ് ഇറാന്റെ നിലപാട്. നടപടിയെടുക്കണമെന്ന് ഇറാൻ യു.എൻ സുരക്ഷാ കൗൺസിലിനോടും, അന്താരാഷ്ട്ര ആണവ മേൽനോട്ട സമിതിയോടും ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര ആണവോർജ സമിതിയാണ് പക്ഷപാതം കാട്ടി വിഷയത്തെ ഈ നിലയിൽ കൊണ്ടെത്തിച്ചതെന്നാണ് ഇറാൻ കുറ്റപ്പെടുത്തുന്നത്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ച അമേരിക്കയ്ക്ക് എതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ അത് ആണവ നിർവ്യാപന കരാറിനെ വരെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. ഇറാൻ ആണവ നിർവ്യാപന കരാറിൽ നിന്നും മറ്റ് അന്താരാഷ്ട്ര ബാധ്യുതകളിൽ നിന്നും പിന്മാറിയാൽ സ്ഥിതി കൂടുതൽ ഗുരുതരമാകും.

അടിയന്തര യോഗം ചേരുമെന്ന് ഐഎഇഎ അറിയിച്ചു. അടിയന്തര സുരക്ഷാ കൗൺസിൽ ചേരാനാണ് ഇറാൻ യു.എൻ നോട് ആവശ്യപ്പെട്ടിരിക്കുന്നത്. നടപടി വേണമെന്നാണ് ആവശ്യം. യു.എൻ തത്വങ്ങളനുസരിച്ച്, പ്രതിരോധിക്കാനുള്ള അവകാശം ന്യായമായി ഇറാന് വന്നു ചേർന്നതായും ഇറാൻ വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടുന്നു.

അമേരിക്കൻ നടപടിയെ സൗദിയും ഒമാനും അപലപിച്ചു. രാജ്യങ്ങളുടെ പരമാധികാരത്തിൽ കടന്നുകയറിയുള്ള ഇടപെടൽ പാടില്ലെന്നാണ് ഗൾഫ് രാജ്യങ്ങളുടെ നിലപാട്. മറ്റ് അറബ് രാഷ്ട്രങ്ങളുടെ സ്ഥിതി ഗതികൾ നിരീക്ഷിക്കുന്നുണ്ട്. രാജ്യത്തെ റേഡിയേഷൻ നിലയിൽ ആശങ്കപ്പെടുത്തുന്ന ഒന്നുമില്ലെന്ന് കുവൈത്ത് വ്യക്തമാക്കി. അമേരിക്കൻ ആക്രമണത്തിൽ തങ്ങളുടെ ആണവ കേന്ദ്രങ്ങളിൽ ആണവ ചോർച്ചയില്ലെന്ന് ഇറാൻ ആണവോർജ്ജ സമിതിയും വ്യക്തമാക്കി.