കൊവിഡ് : സുഗതകുമാരി തീവ്രപരിചരണ വിഭാഗത്തില്‍

തിരുവനന്തപുരം: കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കവയിത്രി സുഗതകുമാരിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലാണ് സുഗതകുമാരി ചികിത്സയിലുള്ളത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ് അറിയിച്ചു.

തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിത്സയിലായിരുന്നു സുഗതകുമാരി. അവിടെ നിന്നും വെന്റിലേറ്റര്‍ സംവിധാനമുള്ള ആംബുലന്‍സിലാണ് സുഗതകുമാരിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. കൊവിഡ് സ്ഥിരീകരിച്ച സുഗതകുമാരിക്ക് ബ്രോങ്കോ ന്യുമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസമാണ് പ്രധാന പ്രശ്‌നം. നോണ്‍ ഇന്‍വേറ്റീവ് വെന്റിലേഷന്റെ (ട്യൂബ് ഇടാതെയുള്ള വെന്റിലേഷന്‍) സഹായത്തോടെയാണ് ചികിത്സ നല്‍കുന്നത്.

കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരനെയും കൊവിഡിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട രോഗിയായതിനാല്‍ അദ്ദേഹം വിഐപി റൂമില്‍ ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തിലാണ്.