ബിജെപി കൗൺസിലർ തിരുമല അനിലിൻ്റെ ആത്മഹത്യയിൽ അനിലിൻ്റെ നിർണായക ഫോൺ സംഭാഷണം പുറത്ത്. നിക്ഷേപകന്റെ മകളുമായുള്ള അനിലിന്റെ സംഭാഷണമാണ് പുറത്തുവന്നത്. നിക്ഷേപകൻ്റെ മകളോട് പൊലീസിനെ സമീപിക്കാൻ തിരുമല അനിൽ നിർദേശിച്ചു. താൻ നേരിടുന്ന ദയനീയ അവസ്ഥ അനിൽ വിവരിക്കുന്നു.
ആഹാരം കഴിക്കാനോ ഉറങ്ങാനോ ആകുന്നില്ല. താൻ പകുതിയായി മാറി. വീട്ടിൽ എല്ലാവരും ദുഃഖിതർ. മക്കൾ ഒരു നിലയിലും ആയില്ല. അനിലിൻ്റെ നിർദേശം അനുസരിച്ചാണ് കുടുംബം പോലീസിൽ പരാതി നൽകിയത്. സമ്മർദ്ദത്തിനിടയിലും നിക്ഷേപകരെ അനിൽ സഹായിക്കാൻ ഒരുങ്ങി . നിക്ഷേപകന് ചികിത്സാസഹായവും അനിൽ വാഗ്ദാനം ചെയ്യുന്നു.
മരുന്നും മറ്റ് ആവശ്യങ്ങൾക്കും സഹായിക്കാം എന്നും അനിൽ പറഞ്ഞു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും കോർപറേഷൻ തിരുമല വാർഡ് കൗൺസിലറുമായ തിരുമല അനിലിനെ (കെ.അനിൽകുമാർ–58 ) വാർഡ് കമ്മിറ്റി ഓഫിസിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
വലിയശാലയിൽ അനിൽ പ്രസിഡന്റായി പ്രവർത്തിക്കുന്ന ജില്ലാ ഫാം ടൂർ സഹകരണസംഘം സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്ന് അദ്ദേഹം കടുത്ത മാനസികസംഘർഷത്തിലായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഓഫിസിൽനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. സംഘത്തിന് 11 കോടിയുടെ ആസ്തിയുണ്ട്. 6 കോടിയുടെ ബാധ്യതയും. അത് പിരിച്ചു നിക്ഷേപകർക്ക് നൽകണം. കുടുംബത്തെ ഒറ്റപ്പെടുത്തരുത്. താൻ എല്ലാവരെയും സഹായിച്ചു. പ്രതിസന്ധി വന്നപ്പോൾ ഒറ്റപ്പെട്ടു’ എന്ന് കുറിപ്പിലുണ്ടെന്നു പൂജപ്പുര പൊലീസ് അറിയിച്ചു.






