ഡല്‍ഹിയിലെ വായുമലിനീകരണം: വൈക്കോല്‍ കത്തിക്കാന്‍ കര്‍ഷകര്‍ക്കുമേല്‍ എഎപി സമ്മര്‍ദം ചെലുത്തിയെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി

ദീപാവലിക്കാലത്ത് ഡല്‍ഹിയിലെ വായുഗുണനിലവാരം രൂക്ഷമായതിന് പിന്നാലെ രാഷ്ട്രീയപ്പോരും. മലിനീകരണ നിയന്ത്രണത്തെച്ചൊല്ലി ആംആദ്മിയും ബിജെപിയും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. മലിനീകരണം നിയന്ത്രിക്കുന്നതില്‍ രേഖാ ഗുപ്തയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. എന്നാല്‍ വൈക്കോലും മറ്റും കത്തിക്കാന്‍ ആം ആദ്മി പാര്‍ട്ടി കര്‍ഷകരില്‍ സമ്മര്‍ദം ചെലുത്തുന്നുവെന്നാണ് ഡല്‍ഹി പരിസ്ഥിതി വകുപ്പ് മന്ത്രി മഞ്ജിന്ദര്‍ സിങ് സിര്‍സയുടെ ആരോപണം.

ദീപാവലി ആഘോഷങ്ങള്‍ ക്ക് പിന്നാലെ കനത്ത പുകമഞ്ഞിന്റെ പിടിയിലാണ് ഡല്‍ഹി.38 കേന്ദ്രങ്ങളില്‍ 36 ലും മലിനീകരണതോത് റെഡ് സോണ്‍ വിഭാഗത്തിലാണ്. ദൃശ്യ പരിധി താഴ്ന്നതിനൊപ്പം, കണ്ണെരിച്ചില്‍, മൂക്കെരിച്ചില്‍, ശ്വാസ തടസ്സം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ജനം നേരിടുന്നു. ഈ പശ്ചാത്തലത്തിലാണ് കനത്ത വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയത്. മലിനീകരണം കുറയ്ക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തില്ലെന്ന് ആം ആദ്മി വിമര്‍ശിച്ചപ്പോള്‍ ദീപാവലിയുടെ ഭാഗമായി ജനങ്ങള്‍ പടക്കങ്ങള്‍ പൊട്ടിച്ചതാണ് മലിനീകരണത്തോത് ഉയരാന്‍ കാരണമായതെന്ന് ബിജെപി വിശദീകരിച്ചു.

ഇതിനിടെയാണ് ഡല്‍ഹി പരിസ്ഥിതിമന്ത്രി ആംആദ്മി പാര്‍ട്ടിക്കെതിരെ മറ്റൊരു ഗുരുതര ആരോപണം ഉന്നയിച്ചത്. കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കാന്‍ ആം ആദ്മി പാര്‍ട്ടി പഞ്ചാബിലെ കര്‍ഷകരെ നിര്‍ബന്ധിക്കുന്നുവെന്ന് പരിസ്ഥിതി മന്ത്രി മമഞ്ജിന്ദര്‍ സിങ് സിര്‍സ ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നും,സര്‍ക്കാര്‍ വായു ഗുണനിലവാര നിരക്ക് മറച്ചു വക്കുന്നുവെന്നു ആം ആദ്മി പാര്‍ട്ടി നേതാവ് സൗരബ് ഭരദ്വാജ് പ്രതികരിച്ചു.