വിതുര ആശുപത്രിയിൽ കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് രോഗി മരിക്കാനിടയായ സംഭവത്തിൽ രൂക്ഷ വിമർശനവുമായി കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ( കെജിഎംഒഎ).
ഒരു കൂട്ടം വിധ്വംസകപ്രവർത്തകർ താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയത് മൂലം ആദിവാസി യുവാവിന്റെ വിലപ്പെട്ട ജീവൻ പൊലിയുന്ന സ്ഥിതിയുണ്ടായി. ആശുപത്രി പരിസരത്ത് അതിക്രമിച്ചു കയറിവർ ഉത്തരവാദിത്തപ്പെട്ടവരുടെ ജോലി തടസ്സപ്പെടുത്തുകയും അസഭ്യം പറയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുകയുണ്ടായി. ഇത്തരം നീച പ്രവർത്തികളാൽ ജീവനക്കാർ മാനസികമായി തകരുകയും അപമാനിതരാവുകയും ചെയ്‌തെന്നും തിരുവനന്തപുരം കെജിഎംഒഎ വ്യക്തമാക്കി.
സംഭവത്തിൽ വിതുര താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് പൂർണ്ണ പിന്തുണ നൽകുന്നു. ഇത്തരം അതിക്രമ സംഭവങ്ങൾ ആവർത്തിച്ചാൽ ശക്തമായ പ്രതിഷേധ പരിപാടിയിലേക്ക് കടക്കുമെന്നും കെജിഎംഒഎ മുന്നറിയിപ്പ് നൽകി.
ജൂലൈ 19 നായിരുന്നു കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതിന്റെ തുടർന്ന് ബിനു എന്ന യുവാവ് ചികിത്സ വൈകിയതിനെത്തുടർന്ന് മരിച്ചത്.