‘ഗുരുതരാവസ്ഥയിലുള്ള രോഗിയാണെന്ന് അറിഞ്ഞില്ല’, വിതുരയിൽ ആംബുലൻസ് തടഞ്ഞതിൽ കോൺഗ്രസ് വിശദീകരണം

തിരുവനന്തപുരം വിതുരയിൽ ആംബുലൻസ് തടഞ്ഞുള്ള പ്രതിഷേധത്തെ തുടർന്ന് ചികിത്സ വൈകി രോഗി മരിച്ച സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ്. ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ടുപോകാനായിരുന്നു ആംബുലൻസെന്ന് അറിയിലായിരുന്നു.രോഗി ഉള്ളപ്പോൾ അല്ല ആംബുലൻസ് തടഞ്ഞു നിർത്തിയത്. രോഗി തീവ്ര പരിചരണ വിഭാഗത്തിൽ കിടക്കുമ്പോഴായിരുന്നുവെന്നാണ് വിശദീകരണം.

വെറും 5 മിനിട്ട് മാത്രമാണ് ആംബുലൻസ് തടഞ്ഞുനിർത്തി പ്രതിഷേധം നടത്തിയിരുന്നത്. പിന്നീട് മെഡിക്കൽ ഓഫീസർ പുറത്തുവന്നു പറഞ്ഞപ്പോൾ തന്നെ രോഗിയെ കയറ്റി ആംബുലൻസ് പറഞ്ഞുവിട്ടെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ബിനു മരിച്ചത്. ആംബുലൻസിന്റെ കാലപ്പഴക്കവും, ഇൻഷുറൻസ് തീർന്നതും ആരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയത്. 20 മിനിട്ടോളം ആംബുലൻസ് തടഞ്ഞുനിർത്തിയായിരുന്നു പ്രതിഷേധം. രോഗിയുടെ അവസ്ഥ പറയാൻ ശ്രമിച്ച ആശുപത്രിക്കാരോടും പ്രതിഷേധക്കാർ തട്ടിക്കയറി. സംഭവത്തില്‍ മെഡിക്കല്‍ ഓഫീസര്‍ വിതുര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.