ഒരു കട്ടന്‍ചായ ആയാലോ; ദിവസവും ബ്ലാക്ക് ടീ കുടിക്കുന്നത് ഹൃദയാഘാതവും സ്ട്രോക്കും കുറയ്ക്കുന്നതായി പഠനം

ദിവസവും ഒരു കട്ടന്‍ചായ കുടിക്കുന്നത് ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയുടെ സാധ്യത കുറയ്ക്കുമെന്ന് പഠനം. എഡിത്ത് കോവന്‍ യൂണിവേഴ്‌സിറ്റിയിലെ (ഇസിയു) ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കട്ടന്‍ ചായയുടെ ഗുണങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി, 881 വൃദ്ധ സ്ത്രീകളിലാണ് ഇവര്‍ പഠനം നടത്തിയത്. പഠനത്തിന് വിധേയരായ സ്ത്രീകളില്‍ ഹൃദയാഘാതം,സ്‌ട്രോക്ക് എന്നിവയ്ക്ക് കാരണമാകുന്ന അയോര്‍ട്ടിക് കാല്‍സിഫിക്കേഷന്‍ (ഹൃദയത്തില്‍ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യുന്ന മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ രക്തകുഴലാണ് അയോര്‍ട്ട. ഈ കുഴലില്‍ കാല്‍സ്യം വന്ന അടിയുന്ന അവസ്ഥയെയാണ് AAC )ഉണ്ടാകാനുള്ള സാധ്യത കുറവുള്ളതായി കണ്ടെത്തി.

ബ്ലാക്ക് ടീയില്‍ അടങ്ങിയിരിക്കുന്ന ഫ്‌ലേവനോയ്ഡുകള്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിവധതരത്തിലുള്ള ഫൈറ്റോണ്യൂട്രിയന്റുകളുടെ ഒരു ഗ്രൂപ്പാണ് ഫ്‌ലേവനോയ്ഡുകള്‍ (സസ്യങ്ങളില്‍ നിന്നുള്ള സംയുക്തങ്ങള്‍). ഇവ പഴങ്ങളിലും പച്ചക്കറികളിലും മറ്റ് ഭക്ഷ്യവസ്തുക്കളിലും കാണപ്പെടാറുണ്ട്.

രാവിലെയോ വൈകുന്നേരമോ ഒരു നേരം കട്ടന്‍ചായ കുടിക്കാം. ചായ കുടിക്കാത്തവരെ അപേക്ഷിച്ച്, പ്രതിദിനം രണ്ട് മുതല്‍ ആറ് കപ്പ് വരെ ചായ കുടിച്ചവരില്‍ AAC ഉണ്ടാകാനുള്ള സാധ്യത 16% മുതല്‍ 42% വരെ കുറവാണ്. ഇതിന് കാരണമായി അവര്‍ പറയുന്നതും ചായപ്രേമം തന്നെയാണ്. ഫ്‌ലേവനോയ്ഡുകള്‍ അടങ്ങിയ ഫ്രൂട്ട് ജ്യൂസ്, റെഡ് വൈന്‍, ചോക്ലേറ്റ് എന്നിവ കഴിച്ചവരില്‍ AACയെ കട്ടന്‍ ചായയോളം ഫലപ്രദമായി തടയാനായില്ലെന്നും പഠനത്തില്‍ കണ്ടെത്തി. എന്നിരുന്നാലും ചായ ഇഷ്ടമല്ലാത്തവര്‍ക്ക് ഫ്‌ലേവനോയ്ഡുകള്‍ അടങ്ങിയ ബ്ലൂബെറി, സ്‌ട്രോബെറി, ഓറഞ്ച്, റെഡ് വൈന്‍, ആപ്പിള്‍, ഉണക്കമുന്തിരി തുടങ്ങിയവ പകരം കഴിക്കാവുന്നതാണെന്നും ഇസിയു ന്യൂട്രീഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഇന്നൊവേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ബെന്‍ പാര്‍മെന്റര്‍ പറയുന്നു.