2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ട് ബോംബെ ഹൈക്കോടതി

2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസില്‍ എല്ലാ പ്രതികളെയും ബോംബെ ഹൈക്കോടതി വെറുതെ വിട്ടു. വിചാരണ കോടതി വധശിക്ഷയടക്കം വിധിച്ച പ്രതികളാണ് കുറ്റവിമുക്തരായത്. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു.

189 പേരുടെ ജീവനെടുക്കുകയും 800ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടന പരമ്പര കേസിലാണ് പ്രതികളെയെല്ലാം ബോംബെ ഹൈക്കോടതി വെറുതെ വിട്ടത്. വിചാരണ കോടതി അഞ്ച് പ്രതികളെ വധശിക്ഷയ്ക്കും ഏഴ് പേരെ ജീവപര്യന്തം തടവിനുമാണ് ശിക്ഷിച്ചിരുന്നത്. ജസ്റ്റിസ് അനില്‍ കിലോര്‍, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരുടെ ബെഞ്ചാണ് ഹൈക്കോടതിയില്‍ പ്രതികളുടെ അപ്പീല്‍ പരിഗണിച്ചത്.

കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. നൂറ് കണക്കിന് പേരാണ് കേസിലെ സാക്ഷികള്‍. എന്നാല്‍ സാക്ഷിമൊഴികള്‍ വിശ്വാസ യോഗ്യമല്ല. പലരും വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞ് പ്രതികളെ തിരിച്ചറിഞ്ഞു എന്നത് സംശയകരമാണ്. തെളിവായി പിടികൂടിയ സ്‌ഫോടക വസ്തുക്കളും കേസുമായി ബന്ധപ്പെടുത്താന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

2006 ജൂലൈ 11ന് വൈകീട്ട് ആറരയോടെയാണ് സബര്‍ബന്‍ ട്രെയിനുകളില്‍ സ്‌ഫോടന പരമ്പര നടന്നത്. വെസ്റ്റേണ്‍ ലൈനില്‍ മാട്ടുംഗയ്ക്കും മീരാഭയന്തറിനും ഇടയില്‍ സഞ്ചരിക്കുകയായിരുന്ന ട്രെയിനുകളുടെ ഫസ്റ്റ്ക്ലാസ് കംപാര്‍ട്‌മെന്റുകളില്‍ ഏഴ് തവണ സ്‌ഫോടനം ഉണ്ടായി. 2015ലാണ് വിചാരണ കോടതി പ്രതികളെ ശിക്ഷിച്ചത്. ഒരു പ്രതിയെ വിചാരണ കോടതി തന്നെ വെറുതെ വിട്ടിരുന്നു.