Headlines

‘ബിനീഷ് കോടിയേരിയെ എന്തിനു മാറ്റിനിർത്തുന്നു?; സെൽഫി എടുക്കാൻ എത്തിയ കുട്ടികളെപ്പോലും പിണറായി ആട്ടിയോടിച്ചു’

 

തിരുവനന്തപുരം ∙ രണ്ടാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ ഓഫിസും ഏതാനും മന്ത്രിമാരുടെ ഓഫിസുകളും സാധാരണക്കാരായ പാർട്ടിക്കാർക്കും ജനങ്ങൾക്കും അപ്രാപ്യമായിരുന്നുവെന്ന് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം. ജില്ലാ നേതാക്കളായി നടന്നവർ മന്ത്രിമാരായപ്പോൾ പ്രവർത്തകരെ അകറ്റിനിർത്തി. പാർട്ടി കമ്മിറ്റികളിലെ വിമർശനവും സ്വയം വിമർശനവും ഇല്ലാതായതു മുതലാണു പാർട്ടി നേതാക്കൾക്കു മൂല്യശോഷണമുണ്ടായത്. ഇപ്പോൾ തുറന്നു പറയാൻ നൽകിയ അവസരം എത്രകാലത്തേക്കുണ്ടാകുമെന്ന ചോദ്യവുമുണ്ടായി.

 

സർക്കാരിന്റെ നേട്ടത്തെക്കാൾ പിണറായി വിജയന്റെ ധാർഷ്ട്യം, ശൈലി എന്നിവയെല്ലാം ചർച്ച ചെയ്യപ്പെട്ടിട്ടും തിരുത്തലുണ്ടായില്ല. സെൽഫി എടുക്കാൻ എത്തിയ കുട്ടികളെപ്പോലും ആട്ടിയോടിച്ചതു ജനങ്ങളെ എതിരാക്കി. സമൂഹമാധ്യമങ്ങളുടെ കാലത്താണു രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്നു പഴയകാല നേതാക്കൾ മനസ്സിലാക്കുന്നില്ല. പാർട്ടി എന്നാൽ ഒരാൾ മാത്രം എന്ന നിലയ്ക്കു പിണറായി വിജയനിൽ കേന്ദ്രീകരിച്ചു പ്രചാരണം നടത്തിയതു തെറ്റായിപ്പോയി.കഴിഞ്ഞ സർക്കാരിൽ കെ.കെ.ശൈലജ മന്ത്രിയാകുമെന്നാഗ്രഹിച്ചാണു വോട്ടർമാർ മട്ടന്നൂരിലും മറ്റു മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷം നൽകിയത്. എന്നാൽ നേതാക്കളുടെ ബന്ധുക്കളായ ചിലരെ മന്ത്രിസഭയിൽ തിരുകിക്കയറ്റാൻ പുതിയ മാനദണ്ഡം കൊണ്ടുവന്നു. അന്ന് ഒഴിവാക്കിയ ശൈലജയെ പിന്നീട് വടകരയിലും പേരാവൂരിലും തോൽക്കുന്ന സീറ്റുകളിൽ മത്സരിപ്പിച്ചു. ഇതിനൊക്കെ ജനത്തിനു മനസ്സിലാകുന്ന കാരണം പറയാനുണ്ടോ ?

തളിപ്പറമ്പിൽ പാർട്ടി സെക്രട്ടറിയുടെ ഭാര്യ മത്സരിച്ചത് ഒഴിവാക്കേണ്ടതായിരുന്നു. സിറ്റിങ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിച്ചതു ജനത്തിനു മടുപ്പുണ്ടാക്കി. മുസ്‍ലിം, ക്രിസ്ത്യൻ വോട്ടുകൾ കൂട്ടത്തോടെ എതിരായതിന്റെ കാരണമെന്തെന്നു മനസ്സിലാക്കി തിരുത്താനാകണം. ഒരു ജില്ലയിലും പാർട്ടി വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരാൻ നേതൃത്വം ഇടപെടുന്നില്ല. പാർട്ടി അംഗങ്ങളിൽ പകുതിയോളം പേർ നിഷ്ക്രിയരാണെന്നു നേതൃത്വം തിരിച്ചറിയണമെന്നും ആവശ്യമുയർന്നു.ബിനീഷ് കോടിയേരിയെ പാർട്ടിയിൽ സജീവമാക്കാതെ മാറ്റി നിർത്തിയിരിക്കുന്നത് എന്തിനെന്നു ജില്ലാ കമ്മിറ്റിയിൽ ചോദ്യമുണ്ടായി. ജില്ലാ കമ്മിറ്റിക്കു കീഴിലെ ബ്രാഞ്ചിൽ മുൻപ് അംഗമായിരുന്ന ബിനീഷ് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പാർട്ടിയെ ശരിയായ രീതിയിൽ പ്രതിരോധിക്കുന്നുണ്ട്. എന്നാൽ പ്രവർത്തിക്കാൻ അവസരം നൽകുന്നില്ല. കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയായിരിക്കെ സംഘടനയെ നയിച്ചതുപോലെ ഇപ്പോഴത്തെ നേതൃത്വത്തിനു കഴിയുന്നില്ലെന്നും വിമർശനമുണ്ടായി.

രണ്ടു ദിവസത്തേക്കാണു ജില്ലാ കമ്മിറ്റിയോഗം നിശ്ചയിച്ചിരുന്നതെങ്കിലും ആദ്യദിവസം രാത്രി 11 വരെ യോഗം ചേർന്ന്, രണ്ടാം ദിവസം ഒഴിവാക്കുകയായിരുന്നു. എം.വി.ഗോവിന്ദൻ, കെ.എൻ.ബാലഗോപാൽ, പുത്തലത്ത് ദിനേശൻ എന്നിവർ സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്നു പങ്കെടുത്തു.