Headlines

കിഷ്ത്വാറില്‍ കാണാതായ രണ്ട് പൊലീസ് ഓഫീസര്‍മാരുടെ മൃതദേഹം കണ്ടെത്തിയ സംഭവം; പിന്നില്‍ അജ്ഞാത ഭീകരരെന്ന് എഫ്‌ഐആര്‍

ജമ്മു കശ്മീര്‍: കിഷ്ത്വാറില്‍ ഈ മാസം പന്ത്രണ്ടിന് കാണാതായ രണ്ട് പൊലീസ് ഓഫീസര്‍മാരുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായകവിവരങ്ങള്‍ പുറത്ത്. ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയത് അജ്ഞാതരായ ഭീകരരെന്നാണ് എഫ്‌ഐആര്‍. ബോബി ചന്ദ്, രച്ച്പാല്‍ കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

അനധികൃത തോക്കുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. കൊലപാതകം, ആയുധ നിയമം, യുഎപിഎ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാനും ഭീകരത പടര്‍ത്താനുമായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. വെടിയുണ്ടകള്‍ തറഞ്ഞ നിലയിലാണ് പൊലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊലീസ് ഉദ്യോഗസ്ഥരുടെ ആയുധങ്ങളും കാണാനില്ലായിരുന്നു.

ജമ്മു കശ്മീര്‍ പൊലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ടവരാണ് മരിച്ച പൊലീസുകാര്‍. പ്രദേശത്തുള്ള കരസേനയുടെ ഒരു താല്‍ക്കാലിക പ്രവര്‍ത്തന കേന്ദ്രത്തില്‍ പ്രത്യേക ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരുന്നുവെന്നും വ്യക്തമാക്കുന്നു. കിയാര്‍-ധേര്‍ന പാതയിലൂടെ ക്യാമ്പിലേക്ക് പോകുന്നതിനിടെ ആക്രമിക്കപ്പെട്ടുവെന്നും എഫ്‌ഐആറില്‍ പറയുന്നു. എസ്പിഒമാരെ കാണാതായതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന്, മര്‍വാ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം ധേര്‍ണ ടോപ്പ് മേഖലയില്‍ തിരച്ചില്‍ നടത്തിയെന്ന് എഫ്ഐആറില്‍ പറയുന്നു. 12ാം തിയതി രാവിലെ ഒന്‍പത് മണിയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.