Headlines

ത്രിശക്തി ഉച്ചകോടി: വൻ പ്രഖ്യാപനങ്ങളില്ല; എല്ലാം ഭായി ഭായി, ലോകശക്തികൾക്ക് ഒപ്പമെന്ന് ചൈന

ന്യൂഡൽഹി∙ ‘അതാര്? എന്റെ ചങ്ങാതിയല്ലേ,’ എന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിളിച്ചുപറയലാവാം ഇന്നലെ നടന്ന ത്രിമൂർത്തി ഉച്ചകോടിയുടെ നിർവചനവാക്യം. യുക്രെയ്ൻ ആക്രമണത്തിന്റെ പേരിൽ താൻ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയ റഷ്യയുടെ ഭരണത്തലവൻ വ്ലാഡിമിർ പുട്ടിനെക്കുറിച്ചായിരുന്നു ട്രംപിന്റെ ഈ വിശേഷണം. പുട്ടിൻ കേൾക്കാനാഗ്രഹിച്ചതിലും ഊഷ്മളം.

ആ വാക്കുകൾ കേട്ടു ‍ഞെട്ടിയത് യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയുമായി യാതൊരു നീക്കുപോക്കും സാധ്യമല്ലെന്നു പ്രഖ്യാപിച്ച്, ബർലിനിൽ കൂടിക്കാഴ്ച നടത്തുകയായിരുന്ന 40 യൂറോപ്യൻ നേതാക്കളാവാം. ട്രംപ് പൂർണമായി മറുകണ്ടംചാടിയെന്ന് ഇതിനർഥമില്ല. എന്നാൽ, റഷ്യയുമായി രമ്യതയിലെത്താൻ യുക്രെയ്ൻ ഉൾപ്പെടെയുള്ള യൂറോപ്യൻ നേതാക്കളുടെ മേൽ കൂടുതൽ സമ്മർദം ചെലുത്തുന്ന നിലപാടാണിത്.

ആണവയുദ്ധത്തിൽ ജേതാവുണ്ടാവില്ലെന്നാണു ലോകത്തെ ഏറ്റവും വലിയ 3 ആണവശക്തികൾ തങ്ങളെത്തന്നെയും സഖ്യകക്ഷികളെയും പ്രധാനമായും ഓർമിപ്പിച്ചത്. എന്നാൽ അണ്വായുധശേഖരം എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് ചർച്ചയുണ്ടായില്ല. നിലവിലെ ശാക്തികസ്ഥിരത നിലനിർത്തണമെന്ന ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ പ്രസ്താവന ശ്രദ്ധേയമാണ്. തങ്ങൾ മറ്റുരണ്ടു ശക്തികൾക്കുമൊപ്പമായി എന്ന പ്രഖ്യാപനമായി അതിനെ കാണാം. ത്രിമൂർത്തി ഉച്ചകോടിയെന്ന ആശയം എടുത്തിട്ട പുട്ടിന് ആവശ്യമായതെല്ലാം ലഭിച്ചുവെന്നു പറയാം.

തളർന്നുകൊണ്ടിരിക്കുന്ന ശക്തിയാണെങ്കിലും ലോകരാഷ്ട്രീയത്തിലും യൂറോപ്യൻ ശാക്തികനിലയിലും റഷ്യയ്ക്കുള്ള പ്രധാന്യം മറ്റുരണ്ടു ശക്തികളെക്കൊണ്ടും അംഗീകരിപ്പിക്കാൻ പുട്ടിനു സാധിച്ചു.

യുഎൻ സംവിധാനത്തിൽ പരിഷ്കാരം ആവശ്യമുണ്ടെന്ന് സംയുക്തപ്രസ്താന പറയുന്നുണ്ടെങ്കിലും അതെങ്ങനെയാവാമെന്നോ, ഇന്ത്യയെപ്പോലെ വളർന്നുവരുന്ന ശക്തികൾക്ക് അവരർഹിക്കുന്ന പ്രാധാന്യം നൽകണമെന്നോ പറയുന്നില്ല. ചുരുക്കത്തിൽ ഇന്നത്തെ നിലയിൽ മൂന്നുപേരും ഏറക്കുറെ തൃപ്തരാണ്. അവർ മൂന്നുപേരും തമ്മിലുള്ള ശാക്തികനിലയിൽ ചെറിയ ‘അഡ്ജസ്റ്റ്മെന്റുകൾ’ നടത്താമെന്നല്ലാതെ മറ്റു രാജ്യങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് മുന്നോട്ടുപോകാനുള്ള സന്മനസ്സൊന്നും ത്രിമൂർത്തികൾ പ്രകടിപ്പിച്ചിട്ടില്ല.