Headlines

ബേക്കറിയിലൂടെ ഹോർട്ടി വൈൻ: ഇടതുസർക്കാരിന്റെ തീരുമാനം റദ്ദാക്കിയേക്കും; മാറ്റമുണ്ടാകുമെന്ന് മന്ത്രി എം ലിജു

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ബേക്കറികളിലൂടെ 15% ആൽക്കഹോൾ അടങ്ങിയ ഹോർട്ടി വൈൻ വിൽക്കാനുള്ള ഇടതുസർക്കാരിന്റെ തീരുമാനം പുതിയ സർക്കാർ റദ്ദാക്കിയേക്കും. എൽഡിഎഫ് സർക്കാരിന്റെ മദ്യനയത്തേക്കാൾ തീർത്തും വ്യത്യസ്തമായിരിക്കും യുഡിഎഫ് സർക്കാരിന്റെ നയമെന്ന് എക്‌സൈസ് മന്ത്രി എം ലിജു വ്യക്തമാക്കി. അടുത്ത മാസം പുതിയ മദ്യനയം പ്രഖ്യാപിക്കുമെന്നും എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ചട്ടങ്ങളിലും നിയമ ഭേദഗതികളിലും മാറ്റം വരുമെന്നും മന്ത്രി അറിയിച്ചു.

ബേക്കറി, മാളുകൾ, സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിൽ ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിയ വിദേശ മദ്യ ചട്ട ഭേദഗതി പിൻവലിക്കാനാണ് സാധ്യത. 2024 ൽ ആണ് ഇതിനായി വിദേശമദ്യ ചട്ടം ഭേദഗതി ചെയ്തത്. 100 ചതുരശ്ര മീറ്റർ ഉള്ള ബേക്കറി, മാളുകൾ, സൂപ്പർ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ ബോട്ടിൽ ചെയ്ത ഹോർട്ടി വൈൻ വിൽക്കാനാണ് അനുമതി നൽകിയത്. സ്ഥാപനങ്ങളിൽ ഇരുന്ന് ഉപഭോഗം അനുവദിക്കാൻ പാടില്ലെന്നും നിർദേശിച്ചിരുന്നു. 10,000 രൂപ വാർഷികഫീസ് നൽകി അപേക്ഷ സമർപ്പിച്ച് അനുമതി വാങ്ങണമെന്നാണു നിഷ്‌കർഷിച്ചിരുന്നത്.

ഇത്തരത്തിൽ അപേക്ഷ നൽകി ജൂണിൽ ലൈസൻസ് ലഭിച്ച ചാലക്കുടിയിലെ എംആർസി ബേക്കറി ഹോർട്ടിവൈൻ വിൽക്കാൻ നീക്കം നടത്തിയതാണു വിവാദമായത്. പുതിയ മദ്യനയം പ്രഖ്യാപിക്കും വരെ ലൈസൻസ് മരവിപ്പിക്കുകയും ലൈസൻസ് നൽകുന്നതു ശ്രദ്ധയിൽപ്പെടുത്തിയില്ലെന്ന കാരണത്താൽ ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണറെ തൽസ്ഥാനത്തുനിന്നു മാറ്റുകയും ചെയ്തു. ബാറുകളുടെ സമയം കുറയ്ക്കൽ, ഹോർട്ടി വൈൻ, ഹോർട്ടി ലിക്കർ, വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനാ അനുമതി എന്നിവ ഉൾപ്പെടെ യുഡിഎഫ് ചർച്ച ചെയ്താവും അന്തിമതീരുമാനം എടുക്കുക.നിലവിൽ വാഴപ്പഴം, ഈന്തപ്പഴം, പൈനാപ്പിൾ എന്നിവയിൽനിന്നുള്ള ഹോർട്ടി വൈനാണ് ബെവ്‌കോ വിൽക്കുന്നത്. 86 ശതമാനം നികുതിയാണ് ഈടാക്കുന്നത്. ബനാന ഹോർട്ടി വൈനിന് 750 എംഎൽ 580 രൂപയാണ്. ഇതിൽ 258 രൂപയും നികുതിയാണ്. ഈന്തപ്പഴം ഹോർട്ടിവൈനിന് 690 രൂപയും പൈനാപ്പിളിന് 580 രൂപയുമാണ് വില.