Headlines

മറീന ബീച്ചിന് സമീപം പുതിയ സെക്രട്ടേറിയറ്റ് സമുച്ചയം നിര്‍മ്മിക്കാന്‍ വിജയ് സര്‍ക്കാര്‍; എതിര്‍പ്പുമായി സിപിഐഎം

ചെന്നൈ: മറീന ബീച്ചിന് സമീപം പട്ടിണപ്പക്കത്ത് പുതിയ സെക്രട്ടേറിയറ്റ് സമുച്ചയം നിര്‍മ്മിക്കാനുള്ള വിജയ് സര്‍ക്കാരിൻ്റെ നീക്കത്തിനെതിരെ സിപിഐഎം. തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന തീരുമാനമാണെന്നും നിലവിലെ ഉത്തരവ് പിന്‍വലിച്ച് നിര്‍മ്മാണത്തിന് മറ്റൊരു സ്ഥലം കണ്ടെത്തണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം ആവശ്യപ്പെട്ടു.

‘പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട പ്രദേശമാണത്. ബീച്ചിനോട് ചേര്‍ന്നുള്ള പ്രദേശത്ത് സെക്രട്ടേറിയറ്റ് സമുച്ചയം വരുന്നത് തിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗത്തെ അടക്കം ബാധിക്കും. മാത്രവുമല്ല നിരവധി സ്‌കൂളുകളും പ്രദേശത്തുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കണം. പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചാല്‍ തടയും’ എന്നായിരുന്നു പി ഷണ്‍മുഖത്തിൻ്റെ പ്രതികരണം. ബീച്ച് പരിസരത്ത് വീടുകള്‍ വേണമെന്നുള്ള കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണം. കര്‍ഷകരെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഷണ്‍മുഖം ആവശ്യപ്പെട്ടു. ബീച്ച് പരിസരത്ത് സെക്രട്ടേറിയറ്റ് നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഐഎം ശനിയാഴ്ച പ്രതിഷേധിച്ചിരുന്നു. ഇതിനിടെ മാധ്യമപ്രവര്‍ത്തകരോടായിരുന്നു പി ഷണ്‍മുഖത്തിന്റെ പ്രതികരണം.
പുതിയ സെക്രട്ടേറിയറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എന്തുകൊണ്ട് മറ്റ് പാര്‍ട്ടി നേതാക്കളുടെ അഭിപ്രായം തേടിയില്ലെന്ന ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തി. സര്‍ക്കാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറായാലും ഇല്ലെങ്കിലും ബീച്ച് പരിസരത്ത് സെക്രട്ടേറിയറ്റ് സമുച്ചയം നിര്‍മ്മിക്കാന്‍ ശ്രമം നടന്നാല്‍ തീര്‍ച്ചയായും എതിര്‍ക്കുമെന്നായിരുന്നു ഷണ്‍മുഖത്തിന്റെ മറുപടി. സുനാമി ബാധിത പ്രദേശമാണത്. 2004 ലെ സുനാമി പ്രദേശത്തെ സാരമായി ബാധിച്ചിരുന്നു. ഇതേക്കുറിച്ച് മുഖ്യമന്ത്രി വിജയ്ക്ക് വ്യക്തമായ ധാരണയുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതേക്കുറിച്ച് അറിയാമെന്നും ഷണ്‍മുഖം കൂട്ടിച്ചേര്‍ത്തു. ഇനി ഒരു സുനാമിക്ക് സാധ്യതയില്ലെന്ന് സര്‍ക്കാരിന് ഉറപ്പ് നല്‍കാന്‍ കഴിയുമോ എന്ന് ഷണ്‍മുഖം ചോദിച്ചു. സുനാമിയെ തടയാന്‍ സര്‍ക്കാര്‍ പുതിയ സാങ്കേതിക വിദ്യ എന്തെങ്കിലും അവതരിപ്പിച്ചതായി തനിക്ക് അറിയില്ലെന്നും ഷണ്‍മുഖം പരിഹസിച്ചു.