ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയെ ആക്രമിച്ച സംഭവത്തിൽ ഗുജറാത്ത് സ്വദേശിയായ രാജേഷ് ഖിംജിക്കെതിരെ വധശ്രമത്തിന് കേസ്. നായ സ്നേഹിയായ ഇയാൾ, തെരുവ് നായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന സുപ്രീം കോടതി വിധിയിൽ അസ്വസ്ഥനായ കാരണത്താലാണ് ആക്രമണം നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. നിലവിൽ ഇന്റലിജൻസ്, സ്പെഷ്യൽ സെൽ വിഭാഗങ്ങൾ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
രാജ്കോട്ട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രാജേഷ്ഭായ് ഖിംജി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന പൊതുജന സമ്പർക്ക പരിപാടിയായ ‘ജൻ സുൻവായ്’ക്കിടെയാണ് ആക്രമണം നടത്തിയത്. ഇയാൾ ഒരു നായ പ്രേമിയാണെന്നും, തന്റെ പ്രദേശത്തെ നായകൾക്കായി ഒരു ക്ഷേത്രം വരെ നിർമ്മിച്ചിട്ടുണ്ടെന്നും ഗുജറാത്ത് പൊലീസ് അറിയിച്ചു.
ഡൽഹിയിലുണ്ടായ ഈ സുരക്ഷാ വീഴ്ച്ചക്കെതിരെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ വിമർശനം ഉയർത്തി. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം ഇയാൾ കഴിഞ്ഞ ദിവസവും മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ ചുറ്റിത്തിരിയുകയും ഫോണിൽ മുഖ്യമന്ത്രിയുടെ വസിതിയുടെ ഫോട്ടോ എടുക്കുകയും ചെയ്തതായി കണ്ടെത്തി. കൂടാതെ ആക്രമണത്തിന് തൊട്ടുമുമ്പ് ഇയാൾ ആരെയോ ഫോണിൽ വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ താൻ ഡൽഹിയിൽ ആദ്യമായാണ് എത്തിയതെന്നും സുഹൃത്തിനെ വിളിച്ചതാണെന്നും പ്രതി പൊലീസിന് മൊഴി നൽകി.
ഞായറാഴ്ചയാണ് രാജേഷ് വീട്ടിൽ നിന്ന് ഡൽഹിയിലേക്ക് പോയതെന്നും, തെരുവ് നായ്ക്കളെ കൂട്ടിലടക്കണമെന്ന സുപ്രീം കോടതി ഉത്തരവിൽ മകന് വേദനയുണ്ടായിരുന്നു, ഇതിൽ പ്രകോപിതനായിയാണ് രാജേഷ് മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചതെന്നും കുടുംബം പൊലീസിനോട് പറഞ്ഞു. പ്രതിയുടെ മൊഴികൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്. ആക്രമണത്തിൽ മുഖ്യമന്ത്രിക്ക് സാരമായ പരിക്കുകളില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
രാജേഷിനെതിരെ രാജ്കോട്ടിൽ മുൻപ് അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ നാലെണ്ണത്തിൽ ഇയാൾ കുറ്റവിമുക്തനാക്കപ്പെട്ടു. ആയുധം കൈവശം വെക്കുക, ഗുരുതരമായ പരിക്കേൽപ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് മുൻപ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. ഇയാൾക്ക് ഏതെങ്കിലും രാഷ്ട്രീയ ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
സംഭവത്തിന്റെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി പൊലീസും ഗുജറാത്ത് പൊലീസും സംയുക്തമായി അന്വേഷണം നടത്തി വരുകയാണ്. മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും, പൊതുപരിപാടികളിൽ നിന്ന് രേഖാ ഗുപ്ത വിട്ടുനിൽക്കില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.