Headlines

‘എല്ലാവരുടെയും പ്രശ്നങ്ങൾ കേൾക്കും, മെമ്മറി കാർഡ് വിവാദത്തിൽ അന്വേഷണ കമ്മിറ്റിയെ നിയോഗിക്കും’; ശ്വേതാ മേനോൻ

അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ മെമ്മറി കാർഡ് വിവാദത്തിൽ അന്വേഷണ കമ്മിഷനെ നിയമിക്കുമെന്ന് പ്രസിഡന്റ് ശ്വേതാ മേനോൻ. ആദ്യ എക്സിക്യൂട്ടീവ് യോഗത്തിൽ അംഗങ്ങൾക്കിടയിലെ പരാതികൾ ചർച്ചയിൽ വന്നു. പരാതികൾ പരിഹരിക്കാൻ സബ് കമ്മിറ്റികൾ രൂപീകരിക്കുമെന്നും എല്ലാവരുടെയും പ്രശ്നങ്ങൾ കേൾക്കുമെന്നും ശ്വേതാ മേനോൻ പറഞ്ഞു.

പുതിയ നേതൃത്വത്തിന്റെ പുത്തനുണര്‍വിലാണ് അഭിനേതാക്കളുടെ സംഘടന ‘അമ്മ’. സംഘടനയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ തിരികെ കൊണ്ടുവരുമെന്ന് അമ്മയുടെ പുതിയ പ്രസിഡന്റ് ശ്വേതാ മേനോന്‍ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. തനിക്കെതിരായ കേസില്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കിയിരുന്നു.

തലപ്പത്തേക്ക് വനിതകള്‍ എത്തിയതോടെ പൂര്‍ണ്ണമായ മാറ്റത്തിനൊരുങ്ങുകയാണ് സംഘടന. മികച്ച ഭരണസമിതിയെന്നും എല്ലാ പരാതികളും സംഘടനയ്ക്കുള്ളില്‍ പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നാണ് താരങ്ങളുടെ പ്രതികരണം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സംഘടനയ്ക്ക് അകത്തുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങളും സിനിമ കോണ്‍ക്ലേവില്‍ ഉരുതിരിഞ്ഞ ആശയങ്ങളും ചര്‍ച്ചയാക്കാനാണ് തീരുമാനം. വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.