Headlines

സിപിഎം മുഖപത്രം: 2 സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് ചുമതല; ഒഴിയാതെ വിവാദം

 

തിരുവനന്തപുരം ∙ ഒരേസമയം ‍2 സെക്രട്ടേറിയറ്റ് അംഗങ്ങളെ എഡിറ്റോറിയൽ ചുമതല ഏൽപിച്ചിട്ടും പാർട്ടി മുഖപത്രം വീണ്ടും വിവാദത്തിലാകുന്നതു സിപിഎമ്മിനു തലവേദനയാകുന്നു. വിഴിഞ്ഞത്ത് അദാനി–എംഎസ്‍സി ഓഹരിക്കൈമാറ്റത്തിൽ സംസ്ഥാന സെക്രട്ടറിയടക്കം മുഖപത്രത്തെ പരസ്യമായി തള്ളിപ്പറഞ്ഞു രണ്ടാഴ്ച പിന്നിടും മുൻപാണു വാരാന്തപ്പതിപ്പിന്റെ പേരിൽ പുതിയ വിവാദം. പത്രത്തിൽ കൂടുതൽ ജാഗ്രതയോടെ പാർട്ടി ഇടപെടാൻ പോകുന്നുവെന്നു നേതൃത്വം സൂചിപ്പിക്കുന്നു. എന്നാൽ, മൂന്നാമതൊരു അധികാരകേന്ദ്രം എങ്ങനെ സാധ്യമാകുമെന്നതിൽ തർക്കം നിലനിൽക്കുന്നുണ്ട്.വിഴിഞ്ഞത്തെ ഓഹരിക്കൈമാറ്റനീക്കത്തെ പ്രകീർത്തിച്ച് ആദ്യം മുഖപത്രത്തിൽ വന്ന വാർത്ത പാർട്ടി നേതൃത്വം ശ്രദ്ധിച്ചത് ഒരു മാസത്തിനുശേഷം മുഖ്യമന്ത്രി വി.ഡി.സതീശൻ വിമർശിച്ചപ്പോൾ മാത്രമാണ്. അറിയുന്നതിലും അറിയിക്കുന്നതിലും ചുമതലക്കാർക്കു വീഴ്ച പറ്റി. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ വിജയമായി വിശേഷിപ്പിച്ചു വന്ന വാർത്ത അപ്പോൾത്തന്നെ പാർട്ടി തള്ളി. ‘സൂക്ഷ്മാംശം പൂ‍ർണമായി മനസ്സിലാക്കാനും ഭാവിയിൽ വരാനിടയുള്ള പ്രശ്നം ഗൗരവത്തോടെ കാണാനും കഴിയണമായിരുന്നു’ എന്നാണ് ഇക്കാര്യത്തിൽ എം.വി.ഗോവിന്ദൻ പരസ്യമായി സ്വീകരിച്ച നിലപാട്. എഡിറ്റോറിയൽ ചുമതലയുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പുത്തലത്ത് ദിനേശനും എം.സ്വരാജിനും നേർക്കുള്ള വിമർശനമായിക്കൂടി അതു പാർട്ടിക്കുള്ളിൽ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന വിവാദത്തെ സാങ്കേതികപ്രശ്നമായി എഡിറ്റോറിയൽ ചുമതലയുള്ള നേതാക്കൾ ചുരുക്കുന്നുണ്ടെങ്കിലും നേതൃത്വം അങ്ങനെ കാണുന്നില്ല. രാഷ്ട്രീയ ജാഗ്രതയോടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്ന സംവിധാനം വേണമെന്ന നിർദേശമാണു നേതൃത്വത്തിന്റേത്. എന്നാൽ, അതിനു മുന്നോട്ടുവയ്ക്കുന്ന ഉപായങ്ങൾ പാർട്ടിക്കാകെ സ്വീകാര്യമല്ലെന്നതാണു നേരിടുന്ന പ്രശ്നം.ചീഫ് എഡിറ്ററായി സെക്രട്ടേറിയറ്റ് അംഗവും ദൈനംദിന ചുമതലയുള്ള റസിഡന്റ് എഡിറ്ററായി മുഴുവൻസമയ മാധ്യമപ്രവർത്തകനുമെന്ന രീതിയാണു കുറെക്കാലമായി സ്വീകരിച്ചിരുന്നത്. പി.രാജീവ് റസിഡന്റ് എഡിറ്ററായിരിക്കെ ഇതിനു മാറ്റം വന്നിരുന്നു. കോടിയേരി ബാലകൃഷ്ണൻ ഒരേസമയം സംസ്ഥാന സെക്രട്ടറിയും ചീഫ് എഡിറ്ററുമായെങ്കിലും, ചീഫ് എഡിറ്ററായിരിക്കെ സംസ്ഥാന സെക്രട്ടറിയായ ഗോവിന്ദൻ ആ സ്ഥാനം ഒഴിഞ്ഞു. പകരക്കാരനായാണു പുത്തലത്ത് ദിനേശൻ എത്തുന്നത്. റസിഡന്റ് എഡിറ്ററായിരിക്കെ വിരമിച്ച മാധ്യമപ്രവർത്തകനു പുനർനിയമനം നൽകണമെന്ന താൽപര്യം സംസ്ഥാന സെക്രട്ടറിക്കുണ്ടായിരുന്നെങ്കിലും, പുനർനിയമനം കീഴ്‌വഴക്കലംഘനമാകുമെന്നു സെക്രട്ടേറിയറ്റിൽ എതിർപ്പുയർന്നു. ഇതോടെയാണു സ്വരാജ് റസിഡന്റ് എഡിറ്ററാകുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ പ്രസ് സെക്രട്ടറിയായിരുന്ന മുൻ റസിഡന്റ് എഡിറ്ററെ, പിണറായി പ്രതിപക്ഷനേതാവായപ്പോൾ സ്റ്റാഫിൽ ഉൾപ്പെടുത്തിയിരുന്നില്ല. പകരം, പാർട്ടി മുഖപത്രത്തിൽ പുതിയ പദവി സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും പുനർനിയമനം കീഴ്‌വഴക്കലംഘനമാകുമെന്ന മുൻനിലപാട് പ്രശ്നമായി.