സര്‍വകലാശാല-ഭാരതാംബാ വിഷയങ്ങളില്‍ ഭിന്നത തുടരുന്നതിനിടെ മുഖ്യമന്ത്രി-ഗവര്‍ണര്‍ നിര്‍ണായക കൂടിക്കാഴ്ച. രാജ്ഭവനിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ടത്. ഒരുമണിക്കൂറോളമാണ് കൂടിക്കാഴ്ച നീണ്ടത്. മൂന്നര മണിയോടെയാണ് മുഖ്യമന്ത്രി രാജ്ഭവനിലേക്ക് എത്തിയത്.
സര്‍വകലാശാലാ വിഷയങ്ങളില്‍ സമവായം കണ്ടെത്താനുള്‍പ്പടെയാണ് കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരള, സാങ്കേതിക സര്‍വകലാശാല വി.സി നിയമനത്തില്‍ ഗവര്‍ണറുടെ അപ്പീല്‍ ഹൈകോടതി ഡിവിഷന്‍ ബഞ്ച് തള്ളിയതോടെയാണ് സ്ഥിതി കൂടുതല്‍ വഷളായത്.
താത്കാലിത വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഗവര്‍ണര്‍ക്കുണ്ടായ തിരിച്ചടിയാണ് മറ്റൊരു പ്രധാന വിഷയം. ഗവര്‍ണര്‍ നാളെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ഗവര്‍ണറുടെ ഹര്‍ജിയില്‍ യുജിസി കക്ഷി ചേരാന്‍ ഇരിക്കുകയാണ്. ഇത്തരത്തിലുള്ള വിഷയങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച.