Headlines

തൃശൂര്‍ പൂരം കലക്കല്‍ റിപ്പോര്‍ട്ടിന് എതിരായ വിമര്‍ശനം; വി എസ് സുനില്‍ കുമാറിന് സിപിഐയുടെ ശാസന

തൃശൂര്‍ പൂരം കലക്കല്‍ റിപ്പോര്‍ട്ടിന് എതിരായ വിമര്‍ശനത്തില്‍ വി എസ് സുനില്‍ കുമാറിന് സിപിഐയുടെ ശാസന. പൂരം കലക്കിയതില്‍ ഒന്നാം പ്രതി കളക്ടര്‍ ആണെന്ന വിമര്‍ശനത്തിന്റെ പേരിലാണ് ശാസന. പൂരം കലക്കിയതില്‍ ഒന്നാം പ്രതി കലക്ടര്‍ ആണെന്ന വിമര്‍ശനത്തിന്റെ പേരിലാണ് ശാസന.
സിപിഐ തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ശാസിച്ചത്. ജില്ലാ എക്‌സിക്യൂട്ടീവില്‍ സുനില്‍ കുമാറിന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ആയിരുന്നു ശാസന. ഒന്നാം പ്രതി കലക്ടര്‍ എന്ന് പറയാന്‍ ആര് ചുമതലപ്പെടുത്തിയെന്ന് ബിനോയ് വിശ്വം ചോദിച്ചു. ഇത്തരം പ്രതികരണങ്ങള്‍ ആവര്‍ത്തിക്കരുതെന്നും താക്കീതുണ്ട്. സുനില്‍ കുമാറിന്റെ വിമര്‍ശനത്തില്‍ മന്ത്രി കെ. രാജന്‍ നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു.

തൃശൂര്‍ പൂരം കലക്കിയതില്‍ തിരുവമ്പാടി ദേവസ്വത്തിനാണ് ഉത്തരവാദിത്തമെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളിയാണ് സുനില്‍ കുമാര്‍ രംഗത്തെത്തിയത്. തിരുവമ്പാടി ദേവസ്വം ബോര്‍ഡ് പൂരം കലക്കും എന്ന് പ്രതീക്ഷിക്കുന്നില്ലെന്നും എന്നാല്‍ ബോര്‍ഡിലെ ചില ആളുകള്‍ രാഷ്ട്രീയലക്ഷ്യം വെച്ച് പൂരം അലങ്കോലപ്പെടുത്തിയെന്നും വി എസ് സുനില്‍കുമാര്‍ പറഞ്ഞിരുന്നു.

റിപ്പോര്‍ട്ട് ആരും കണ്ടിട്ടില്ലെന്നും സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുനില്‍കുമാര്‍ പറഞ്ഞിരുന്നു.അതേസമയം, തങ്ങളെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് റിപ്പോര്‍ട്ടിന് പിന്നില്‍ എന്ന് തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ നേരത്തെ പ്രതികരിച്ചിരുന്നു.