‘സീസൺ തുടങ്ങുന്നതിന് ഒരാഴ്ച മുൻപാണോ തയ്യാറെടുപ്പ് ആരംഭിക്കേണ്ടത്?, ഉമ്മൻചാണ്ടി പമ്പയിൽ പോയിരുന്നിട്ടാണ് കോർഡിനേഷൻ നടത്തിയത്’; വി ഡി സതീശൻ

ശബരിമലയിലേത് ദൗർഭാഗ്യകരമായ സംഭവമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഈ മാസം 17 ആണ് വൃശ്ചികം 1. എന്നാൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് പത്താം തീയതിയാണ്.സീസൺ തുടങ്ങുന്നതിന് ഒരാഴ്ച മുൻപാണോ തയ്യാറെടുപ്പ് ആരംഭിക്കേണ്ടത്. യുഡിഎഫിന്റെ കാലത്ത് ഉമ്മൻ‌ചാണ്ടി പമ്പയിൽ പോയി ഇരുന്നിട്ടാണ് എല്ലാ കോർഡിനേഷനും നടത്തിയിരുന്നത്. എന്നാൽ ഇവിടെ ആരും ഒരു ചുക്കും ചെയ്തില്ല. ആഗോള അയ്യപ്പ സംഗമം നടത്തിയവർ ഇത്തവണത്തെ മണ്ഡലകാലം മനഃപൂർവ്വം വികലമാകുകയാണ് ചെയ്തത്.

ശബരിമലയിലെ സ്ഥിതി ഭയാനകമാണെന്നാണ് നിലവിലെ ദേവസ്വം പ്രസിഡണ്ട് കെ ജയകുമാർ പറഞ്ഞത്. ഇന്നലെ എല്ലാവരും അവിടെ മുൾമുനയിലാണ് നിന്നത്. ഏത് അപകടത്തിനും അവിടെ സാധ്യതയുണ്ടായിരുന്നു. പത്തും പതിനഞ്ചും മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന വലിയ ക്യൂവാണ് അവിടെ ഉണ്ടായിരുന്നത്. ക്യൂ നിയന്ത്രിക്കാൻ ആളുകളോ കുടിക്കാനായി കുടിവെള്ളമോ ഉണ്ടായിരുന്നില്ല.

ശുചിമുറിയിൽ വെള്ളമില്ല,മലിനമായ പമ്പ ഇതൊക്കെ ചെയ്യേണ്ടത് സീസൺ ആരംഭിക്കുന്നതിന് തലേദിവസം മുതലാണ്. ശബരിമലയിലേക്ക് ഏതാണ് കഴിയാതെ പന്തളത്ത് പോയി മാല ഊരി തിരിച്ചുപോയവർ ആയിരമാണ്. ഇത് നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സർക്കാർ അടിയന്തരമായി സ്വീകരിക്കണം, അല്ലെങ്കിൽ യുഡിഎഫ് പ്രതിനിധി സംഘം ശബരിമല സന്ദർശിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.