Headlines

‘ഭാര്യയെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കൊണ്ടുപോയി’: വഴിത്തിരിവായി കത്തിക്കരിഞ്ഞ മൃതദേഹം; ഇന്ത്യൻ വംശജൻ യുഎസിൽ അറസ്റ്റിൽ

കലിഫോർണിയ ∙ ഭാര്യയെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തുവെന്ന് പൊലീസിനോട് കള്ളം പറഞ്ഞ കലിഫോർണിയയിലെ ഇന്ത്യൻ വംശജൻ ഒടുവിൽ കൊലപാതകക്കുറ്റത്തിന് അറസ്റ്റിൽ. ഭാര്യയുടെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.

കലിഫോർണിയയിലെ എൽ ഡൊറാഡോ കൗണ്ടിയിലാണ് ജാസ്മിൻ ഗില്ലിന്റെ (30) മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ഗുരീന്ദർ സിങ് ഗില്ലിനെ (28) അറസ്റ്റ് ചെയ്തതായി സാക്രമെന്റോ കൗണ്ടി ഷെരീഫ് ഓഫിസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. സാക്രമെന്റോ കൗണ്ടി മെയിൻ ജയിലിൽ റിമാൻഡ് ചെയ്തിരിക്കുന്ന ഇയാൾക്ക് ജാമ്യം അനുവദിച്ചിട്ടില്ല.

സെപ്റ്റംബർ 30 നാണ് സാക്രമെന്റോയിലെ വസതിയിൽ ജാസ്മിനെ അവസാനമായി കണ്ടതായി സാക്ഷികൾ മൊഴി നൽകിയത്. ഇക്കഴിഞ്ഞ 4 ന് ഇവരുടെ ബന്ധു പൊലീസിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തറിയുന്നത്. വീടിന് മുന്നിലെ ലെറ്റർബോക്സ് പരിശോധിക്കാൻ പോയ ഭാര്യയെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ പിടിച്ചുകൊണ്ടുപോയി എന്നായിരുന്നു ഗുരീന്ദർ പൊലീസിനോട് പറഞ്ഞത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ ഇമിഗ്രേഷൻ വിഭാഗവുമായി ബന്ധപ്പെട്ടപ്പോൾ, ദമ്പതികളുടെ വീട്ടിൽ അത്തരമൊരു പരിശോധനയോ നടപടിയോ നടന്നിട്ടില്ലെന്ന് ഫെഡറൽ ഏജൻസി വ്യക്തമാക്കി.

ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരും വിവാഹമോചനത്തിന്റെ വക്കിലായിരുന്നുവെന്നും കുഞ്ഞിന്റെ സംരക്ഷണാവകാശത്തെച്ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഭാര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നൽകിയ മൊഴികളിലെ പൊരുത്തക്കേടുകളും ഗുരീന്ദറിനെ സംശയനിഴലിലാക്കി.

ഇതിനിടെയാണ് ഇക്കഴിഞ്ഞ ഒന്നിന് എൽ ഡൊറാഡോ കൗണ്ടിയിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ തിരിച്ചറിയാത്ത മനുഷ്യശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ വിവരം പൊലീസിന് ലഭിക്കുന്നത്. പരിശോധനയിൽ മൃതദേഹം ജാസ്മിന്റേതാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ഗുരീന്ദറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുമായി ബന്ധപ്പെട്ട രണ്ടു വീടുകളിലും പൊലീസ് സംഘം പരിശോധന നടത്തി. കൊലപാതകക്കുറ്റം ചുമത്തി സാക്രമെന്റോ കൗണ്ടി മെയിൻ ജയിലിലടച്ച ഇയാൾക്ക് ജാമ്യം ലഭിക്കില്ല.

റജിസ്റ്റേർഡ് നഴ്‌സും എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയുമാണ് ജാസ്മിൻ ഗിൽ. അമ്മയുടെ പാത പിന്തുടർന്നാണ് ജാസ്മിൻ നഴ്സിങ് കരിയറായി തെരഞ്ഞെടുത്തത്. ജാസ്മിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.