Headlines

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ച; വിപുലീകൃത കണ്ണൂർ ജില്ലാ കമ്മിറ്റി റിപ്പോർട്ട്

കണ്ണൂർ: സ്ഥാനാർത്ഥി നിർണയം പാളിയെന്ന് തുറന്ന് സമ്മതിച്ച് വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിച്ച റിപ്പോർട്ട്. തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചുവെന്ന് റിപ്പോർട്ടിൽ സ്വയം വിമർശനമുണ്ട്. പാർട്ടി വോട്ടുകൾ നഷ്ടമാകുമെന്ന് മുൻകൂട്ടി കാണാനായില്ലെന്നും കീഴ്ഘടകങ്ങളിലെ ചർച്ചകൾ ഗൗരവത്തിൽ എടുക്കാത്തത് വീഴ്ചയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

പയ്യന്നൂരിൽ കണക്ക് ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ സ്വയം വിമർശനുമുണ്ട്. പാർട്ടി അംഗീകരിച്ച കണക്ക് പല അംഗങ്ങൾക്കും ബോധ്യപ്പെട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പയ്യന്നൂരിൽ വിഭാഗീയത തോൽവിക്ക് കാരണമായി. വിഭാഗീയത ഇല്ലാതാക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റി. ഐക്യത്തോടെ സംഘടനയെ നയിക്കുന്നതിൽ പോരായ്മ വന്നു. വിഭാഗീയത പരിഹരിക്കാൻ ശക്തമായ നടപടി വേണമെന്നും റിപ്പോർട്ട് പറയുന്നുണ്ട്.

സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനാണ് കണ്ണൂരിലെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, കെ കെ ശൈലജ, കെ എൻ ബാലഗോപാൽ, പുത്തലത്ത് ദിനേശൻ, കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് ജോൺ ബ്രിട്ടാസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി ജയരാജൻ, എം വി ജയരാജൻ അടക്കമുള്ള സിപിഐഎമ്മിൻ്റെ പ്രധാനപ്പെട്ട നേതൃനിര വിപുലീകൃത കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കുന്നുണ്ട്.